ബാഴ്‌സലോണ: ബാഴ്‌സലോണയുടെ ഇതിഹാസതാരം ലിയോണല്‍ മെസി നാളെ പരിശീലന ക്യാംപിലെത്തും. വിവാദങ്ങള്‍ക്ക് മെസി വന്നുചേരുന്ന ആദ്യ ബാഴ്‌സലോണ ക്യാംപായിരിക്കുമിത്. കൂടാതെ പരിശീലകന്‍ റൊണാള്‍ഡ് കോമന് കീഴില്‍ മെസിയുടെ ആദ്യ പരിശീലനവും. നേരത്തെ ബാഴ്‌സ വിടുമെന്ന പ്രഖ്യാപിച്ചിരുന്ന മെസി പരിശീലനത്തില്‍ നിന്ന് വിട്ടുമാറി നില്‍ക്കുകയായിരുന്നു.

ബാഴ്‌സയില്‍ തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ക്ലബ് പ്രസിഡന്റ് ബര്‍തോമ്യൂവിനെതിരെ സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ഭാവിയെ കുറിച്ച് ഒരു പദ്ധതിയുമില്ലെന്നായിരുന്നു മെസി പറഞ്ഞത്. മിക്കവാറും ബാഴ്‌സലോണ ആരാധകര്‍ക്കും ഇതേ അഭിപ്രായമാണുള്ളത്. അതുകൊണ്ടുതന്നെ സ്റ്റേഡിയത്തിന് പുറത്ത് വലിയ ആള്‍കൂട്ടവും ഉണ്ടാവും.

മെസി പരിശീലനത്തിന് എത്തുന്നതോടെ വിവാദങ്ങളുടെ ചൂട് കുറയും എന്നാണ് ബാഴ്‌സലോണ മാനേജ്‌മെന്റ് വിശ്വസിക്കുന്നത്. കൂമാന് കീഴില്‍ നേരത്തെ ബാഴ്‌സലോണ പരിശീലനം ആരംഭിച്ചിരുന്നു. യുവേഫ നേഷന്‍സ് ലീഗുള്ളതിനാല്‍ പല താരങ്ങളും ദേശീയ ടീമിനൊപ്പമാണ്.