Asianet News MalayalamAsianet News Malayalam

രക്ഷകനായി മെസ്സി;ഹോം ഗ്രൗണ്ടിലും സമനില കുരുക്ക് പൊട്ടിക്കാനാവാതെ ബ്ലാസ്റ്റേഴ്സ്

71-ം മിനിറ്റില്‍ സി കെ വിനീതും ഗോള്‍ നേടിയതോടെ ജംഷ‍ഡ്പൂര്‍ എഫ്‌സി വിജയം ഉറപ്പിച്ചതായിരുന്നു. എന്നാല്‍ 75-ാം മിനിറ്റില്‍ മെസ്സി ബൗളി ഒരു ഗോള്‍ മടക്കി ബ്ലാസ്റ്റേഴ്സിന് സമനില പ്രതീക്ഷ സമ്മാനിച്ചു.

Messis brilliance salvages the day for Kerala Blasters
Author
Kochi, First Published Dec 13, 2019, 10:03 PM IST

കൊച്ചി: സമനിലദോഷം ബ്ലാസ്റ്റേഴ്സിനെ വിട്ടൊഴിയുന്നില്ല. ഹോം ഗ്രൗണ്ടില്‍ ജംഷഡ്പൂര്‍ എഫ്‌സിയോടും ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി. രണ്ടു ഗോളിന് പിന്നില്‍ നിന്നിട്ടും തിരിച്ചടിച്ച് സമനില നേടാനായി എന്നത് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ആശ്വാസമായുളളത്. 38ാം മിനിറ്റില്‍ പിറ്റിയുടെ പെനല്‍റ്റി ഗോളിലൂടെ ആദ്യം മുന്നിലെത്തിയത് ജംഷഡ്പൂര്‍ ആയിരുന്നു.

71-ം മിനിറ്റില്‍ സി കെ വിനീതും ഗോള്‍ നേടിയതോടെ ജംഷ‍ഡ്പൂര്‍ എഫ്‌സി വിജയം ഉറപ്പിച്ചതായിരുന്നു. എന്നാല്‍ 75-ാം മിനിറ്റില്‍ മെസ്സി ബൗളി ഒരു ഗോള്‍ മടക്കി ബ്ലാസ്റ്റേഴ്സിന് സമനില പ്രതീക്ഷ സമ്മാനിച്ചു. കളി തീരാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കിയിരിക്കെ പെനല്‍റ്റിയിലൂടെ സമനില ഗോള്‍ നേടി മെസ്സി ബൗളി ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി. സമനിലയോടെ ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ജംഷഡ്പൂര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.  ചെന്നൈയിന്‍ എഫ്.സിക്കെതിരെ അവരുടെ ഗ്രൗണ്ടില്‍ 21നാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത അങ്കം.

Messis brilliance salvages the day for Kerala Blastersറാഫേല്‍ മെസി ബൗളിയെ മുന്നില്‍ നിര്‍ത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയില്‍ ഇറങ്ങിയത്. പരിക്ക് മാറിയ മരിയോ ആര്‍ക്വസ് മധ്യനിരയില്‍ തിരിച്ചെത്തി. ക്യാപ്റ്റന്‍ സെര്‍ജിയോ സിഡോഞ്ച, ജീക്‌സണ്‍ സിങ്, സെയ്ത്യാസെന്‍ സിങ്, ഹാളീചരണ്‍ നര്‍സാറി എന്നിവര്‍ അര്‍ക്വസിനൊപ്പം മധ്യനിരയിലെത്തി.

പ്രതിരോധത്തില്‍ മുഹമ്മദ് റാക്കിപ്പ്, ജെസെല്‍ കര്‍ണെയ്‌റോ, വ്‌ളാട്‌കോ ഡ്രോബറോവ്, രാജു ഗെയ്ക്ക് വാദ് എന്നിവര്‍. വലയ്ക്ക് മുന്നില്‍ ടി.പി രഹ്‌നേഷ്. ജംഷഡ്പൂര്‍ നിരയില്‍ സുമീത് പാസിയും ഫാറൂഖ് ചൗധരിയുമായിരുന്നു സ്‌ട്രൈക്കര്‍മാര്‍. എയ്റ്റര്‍ റുയേഡ, പീറ്റി, ഐസക് വാല്‍മല്‍സൗമ, എമേഴ്‌സണ്‍ മൗറ എന്നിവര്‍ മധ്യനിരയില്‍ കളിച്ചു. ടിരി, നരേന്ദര്‍, റോബിന്‍ ഗുരുങ്, ജിതേന്ദ്ര സിങ് എന്നിവര്‍ പ്രതിരോധത്തിലും നിരന്നു. സുബ്രതോ പോള്‍ ഗോള്‍ കീപ്പര്‍.

കളിയുടെ ആദ്യനിമിഷം തന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റമായിരുന്നു. നാലാം മിനിറ്റില്‍ സെയ്ത്യാസെന്‍ സിങ് വലതുഭാഗത്ത് നിന്ന് തൊടുത്ത ക്രോസ് രണ്ട് ജംഷഡ്പൂര്‍ ഡിഫന്‍ഡര്‍മാര്‍ക്കിടയില്‍ വച്ച് അര്‍ക്വസ് തലവച്ചു. പക്ഷേ, ജംഷഡ്പൂര്‍ ഗോള്‍ കീപ്പര്‍ സുബ്രതോ ആ ഹെഡര്‍ കൈകളിലൊതുക്കി. എട്ടാം മിനിറ്റില്‍ ജീക്‌സണ്‍ സിങ്ങിന്റെ പാസില്‍ മെസി ബൗളി ജംഷഡ്പൂര്‍ ബോക്‌സിലേക്ക് കയറി. മെസി ബൗളിയുടെ കനത്ത അടി നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. ജംഷഡ്പൂര്‍ നിരയില്‍ സുമീത് പാസിയും ഫാറൂഖ് ചൗധരിയും ഗോളിനായി ശ്രമിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം വിട്ടുകൊടുത്തില്ല. അര്‍ക്വസിന്റെ നേതൃത്വത്തിലുള്ള മധ്യനിര പന്തില്‍ നിയന്ത്രണം നേടി.

Messis brilliance salvages the day for Kerala Blasters38ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ വഴങ്ങി. വലതുഭാഗത്ത് നിന്നുള്ള കോര്‍ണര്‍ കിക്ക് ബോക്‌സിലേക്ക്. ഇതിനിടെ ടിരി ബോക്‌സില്‍ വീണു. ഡ്രോബറോവ് ഫൗള്‍ ചെയ്തതിന് റഫറി ജംഷഡ്പൂരിന് പെനല്‍റ്റിയും നല്‍കി. പീറ്റി പെനല്‍റ്റി കിക്ക് എടുത്തു. ഗോള്‍ വീണശേഷം കടുത്ത ആക്രമണമാണ് ബ്ലാസ്‌റ്റേഴ്‌സ് നടത്തിയത്. അര്‍ക്വസും കര്‍ണെയ്‌റോയും മെസി ബൗളിയും ചേര്‍ന്ന് ആക്രമണം കടുപ്പിച്ചു. ഒരു തവണ അര്‍ക്വസിന്റെ ഹെഡര്‍ ഗോളിന് അരികെയെത്തി. ഗോള്‍ കീപ്പര്‍ സുബ്രതോ കയ്യിലൊതുക്കി. ആദ്യ പകുതിയുടെ അധിക സമയത്ത് സിഡോ നല്‍കിയ പാസില്‍ മെസി ബൗളി ഗോളിന് ശ്രമിച്ചെങ്കിലും ജംഷഡ്പൂര്‍ ഡിഫന്‍ഡര്‍ റോബിന്‍ ഗുരുങ് താരത്തെ വീഴ്ത്തി. പന്ത് അലക്ഷ്യമായി പറന്നു. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പെനാല്‍റ്റി കിക്കിനായി വാദിച്ചു, റഫറി ചെവികൊണ്ടില്ല.

രണ്ടാം പകുതിയുടെ തുടക്കവും ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തോടെയായിരുന്നു. അമ്പതാം മിനുറ്റില്‍ സമനില നേടുമെന്ന് തോന്നിപ്പിച്ച നീക്കമുണ്ടായി. ബോക്‌സിലേക്ക് ഹളിചരണ്‍ നര്‍സാരിയുടെ ലോ ക്രോസ്. ആര്‍ക്വസ് പന്ത് വലയിലാക്കാന്‍ ആഞ്ഞു വന്നു. പന്ത് കാല്‍ തൊട്ടില്ല. പിറകില്‍ സിഡോയ്ക്ക് പന്ത് കിട്ടിയെങ്കിലും ഷോട്ട് വിഫലമായി. തൊട്ടടുത്ത മിനുറ്റില്‍ സിഡോയെ പിന്‍വലിച്ച് ഷട്ടോരി സഹലിനെ ഇറക്കി. പ്രശാന്ത് നര്‍സാരിക്ക് പകരക്കാരനായി. ബ്ലാസ്‌റ്റേഴ്‌സ് ശ്രമങ്ങള്‍ തുടര്‍ന്നു.

മെസിയും ആര്‍ക്വസും നിരന്തരം എതിര്‍ ബോക്‌സിലെത്തി. ജംഷഡ്പൂര്‍ പ്രതിരോധം കടുപ്പിച്ചു. 70ാം മിനുറ്റില്‍ കോര്‍ണര്‍ നീക്കത്തിനൊടുവില്‍ ആര്‍ക്വസ് തൊടുത്ത കിടിലന്‍ ഷോട്ട് സുബ്രതയുടെ കയ്യില്‍ വിശ്രമിച്ചു. ജംഷ്ഡപൂര്‍ പീറ്റിയെ പിന്‍വലിച്ച് സി.കെ വിനീതിനെ കളത്തിലിറക്കി. ഇറിയോണ്ടോയുടെ നീക്കം ഫലമുണ്ടാക്കി. 72ാം മിനുറ്റില്‍ ഫൗറൂഖ് ചൗധരിയുടെ അസിസ്റ്റില്‍ വിനീത് ബ്ലാസ്‌റ്റേഴ്‌സിന്റെ വലകുലുക്കി. മുന്‍ ടീമിനെതിരെ വിനീത് അധിക ആഘോഷത്തിന് മുതിര്‍ന്നില്ല, ഗ്യാലറി കയ്യടിച്ചു.

Messis brilliance salvages the day for Kerala Blastersതൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്‌സ് ആദ്യകടം വീട്ടി. വലത് പാര്‍ശ്വത്തില്‍ നിന്ന് സഹല്‍ നല്‍കിയ മനോഹരമായ ക്രോസില്‍ തല വച്ച മെസി ബൗളിക്ക് പിഴച്ചില്ല. സുന്ദരമായ ഹെഡര്‍ വലയിലേക്ക് തുളച്ചുകയറി. ബ്ലാസ്റ്റേഴ്‌സില്‍ ഊര്‍ജ്ജം നിറഞ്ഞു. അധികം വൈകാതെ സമനില ഗോളെത്തി. സെയ്ത്യസിങിനെ ഗുരുങ് ബോക്‌സില്‍ വീഴ്ത്തി. പെനാല്‍റ്റിക്കായി റഫറിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. കിക്കെടുക്കാന്‍ മെസിയെത്തി. കാമറൂണ്‍ താരത്തിന് പിഴച്ചില്ല. ഗ്യാലറി ഇളകിമറിഞ്ഞു. ലീഡിനായി ബ്ലാസ്റ്റേഴ്‌സ് ആഞ്ഞു ശ്രമിച്ചു, ജംഷഡ്പൂര്‍ പിടിച്ചുനിന്നു.

Follow Us:
Download App:
  • android
  • ios