ടോട്ടനത്തില്‍ നിന്ന് 2012ൽ 40 മില്യണ്‍ യൂറോയോളം തുകയ്‌ക്ക് റയലില്‍ എത്തിയ മോഡ്രിച്ച് ക്ലബിനായ 391 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. 

മാഡ്രിഡ്: ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്ച് സ്‌പാനിഷ് ക്ലബ് റയൽ മാഡ്രിഡുമായുള്ള കരാർ പുതുക്കി. ഒരു വർഷത്തേക്കാണ് പുതിയ കരാർ. ഇതോടെ 2022 ജൂണ്‍ 30 വരെ മോഡ്രിച്ച് റയലിൽ തുടരും. ബാലന്‍ ഡി ഓര്‍ പുരസ്‌കാരം 2018ല്‍ നേടിയ താരമാണ് മോഡ്രിച്ച്. 

ടോട്ടനത്തില്‍ നിന്ന് 2012ൽ 40 മില്യണ്‍ യൂറോയോളം തുകയ്‌ക്ക് റയലില്‍ എത്തിയ മോഡ്രിച്ച് ക്ലബിനായി 391 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. ലാ ലീഗയിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായാണ് മോഡ്രിച്ച് വിശേഷിപ്പിക്കപ്പെടുന്നത്. റയലിന്റെ നാല് ചാമ്പ്യന്‍സ് ലീഗ് വിജയത്തിലും രണ്ട് ലാ ലീഗ വിജയത്തിലും ഉൾപ്പടെ പതിനേഴ് കിരീട വിജയങ്ങളിൽ പങ്കാളിയായി. 

ലോകത്തിലെ ഏറ്റവും മികച്ച ക്ലബിന്‍റെ കുപ്പായം തുടര്‍ന്നും അണിയാന്‍ കഴിയുന്നതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്നാണ് മോഡ്രിച്ചിന്‍റെ പ്രതികരണം. മുപ്പത്തിയഞ്ചുകാരനായ മോഡ്രിച്ചിന്‍റെ കരാര്‍ അടുത്ത മാസമായിരുന്നു അവസാനിക്കേണ്ടിയിരുന്നത്. 

Scroll to load tweet…

ഇക്കുറി ചാമ്പ്യന്‍സ് ലീഗിലും ലാ ലീഗയിലും നിരാശയായിരുന്നു റയലിന് ഫലം. ലാ ലീഗയില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെട്ടപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ചെല്‍സിയോട് തോറ്റ് പുറത്തായി. സീസണില്‍ റയലിനായി 48 മത്സരങ്ങള്‍ കളിച്ച മോഡ്രിച്ച് ആറ് ഗോള്‍ നേടിയിരുന്നു. അതേസമയം റയലില്‍ പരിശീലകന്‍ സിനദീന്‍ സിദാന്‍, നായകന്‍ സെര്‍ജിയോ റാമോസ് തുടങ്ങി നിരവധി പേരുടെ ഭാവി ചോദ്യചിഹ്‌നമായി തുടരുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona