Asianet News MalayalamAsianet News Malayalam

'ഇതെന്റെ രക്തമാണിതെൻ്റെ മാംസമാണിതെടുത്തു കൊൾക, പഴശ്ശിയുടെ യുദ്ധം കമ്പനി കാണാനിരിക്കുന്നതേ ഉള്ളൂ'

ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം അര്‍ജന്റീനയുടെ ഗംഭീര തിരിച്ചുവരവായിരുന്നു ലുസൈൽ സ്റ്റേഡിയത്തിൽ കണ്ടത്.

Minister Sivankutty and MLA MM Mani celebrate Argentina's Win over Mexico
Author
First Published Nov 27, 2022, 9:37 AM IST

ലോകകപ്പിൽ മെക്സിക്കോക്കെതിരെയുള്ള നിർണായക മത്സരത്തിൽ അർജന്റീനയുടെ വിജയമാഘോഷിച്ച് മന്ത്രി വി ശിവൻകുട്ടിയും മുൻമന്ത്രിയും എംഎൽഎയുമായ എംഎം മണിയും. കടുത്ത ഫുട്ബോള്‍ ആരാധകരായ ഇരുവരും ഫേസ്ബുക്കിൽ ആഹ്ലാദം പങ്കുവെച്ചു. മെസിയുടെ ഫോട്ടോക്കൊപ്പം ഇതെന്റെ രക്തമാണിതെൻ്റെ മാംസമാണിതെടുത്തു കൊൾക എന്ന കവിതാ ശകലവും എഴുതിയാണ് ശിവൻകുട്ടി ജയമാഘോഷിച്ചത്. പഴശ്ശിയുടെ യുദ്ധം കമ്പനി കാണാനിരിക്കുന്നതേ ഉള്ളൂ എന്നായിരുന്നു എംഎം മണിയുടെ കമന്റ്. 

ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം അര്‍ജന്റീനയുടെ ഗംഭീര തിരിച്ചുവരവായിരുന്നു ലുസൈൽ സ്റ്റേഡിയത്തിൽ കണ്ടത്. മെക്‌സിക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയാണ് അര്‍ജന്റീനയുടെ ഹീറോ. എന്‍സോ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. ആദ്യ മത്സരത്തില്‍ തോറ്റ അര്‍ജന്റീന ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി. 

രണ്ടാംപാതിയുടെ ആദ്യ മിനിറ്റുകളില്‍ തന്നെ അര്‍ജന്റീന തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചു. 52-ാം മിനിറ്റില്‍ അപകടകരമായ പൊസിഷനില്‍, ബോക്‌സിന് തൊട്ടുമുന്നില്‍ വച്ച് അര്‍ജന്റീനയ്ക്ക് ഫ്രീകിക്ക്. മെസിയുടെ കിക്ക് ക്രോസ് ബാറിന് ഏറെ മുകളിലൂടെ പുറത്തേക്ക്. 56-ാം മിനിറ്റില്‍ ഡി മരിയയുടെ നിലംപറ്റെയുള്ള ഷോട്ട് മെക്‌സിക്കന്‍ ബോക്‌സിലേക്ക്. 

മെസിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, അര്‍ജന്റീനയുടേയും; മെക്‌സിക്കന്‍ പ്രതിരോധം കടന്ന് നീലപ്പടയുടെ തിരിച്ചുവരവ്

64-ാം മിനിറ്റിലായിരുന്നു അര്‍ജന്റൈന്‍ ആരാധകര്‍ കാത്തിരുന്ന ഗോളെത്തിയത്. അതും മെസിയുടെ ഇടങ്കാലില്‍ നിന്നുള്ള വെടിച്ചില്ല്. വലത് വിംഗില്‍ നിന്നും ഡി മരിയ നല്‍കിയ പാസാണ് ഗോളില്‍ കലാശിച്ചത്. ബോക്‌സിന് പുറത്തുനിന്നുള്ള മെസിയുടെ നിലംപറ്റെയുള്ള ഷോട്ടിന് ഒച്ചോവ മുഴുനീളെ ഡൈവിംഗ് നടത്തിയെങ്കിലും കാര്യമുണ്ടായില്ല. 70-ാം മിനിറ്റില്‍ മൊളീനയുടെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്ക്. ഗോളിന് പിന്നാലെ ക്രിസ്റ്റ്യന്‍ റൊമേറോയെ ഇറക്കി അര്‍ജന്റൈന്‍ കോച്ച് പ്രതിരോധം ശക്തമാക്കി. ഡി മരിയക്ക് പകരമാണ് റൊമേറോയെത്തിയത്. അര്‍ജന്റൈന്‍ മധ്യനിരയില്‍ എന്‍സോ ഫെര്‍ണാണ്ടസും എസെക്വിയല്‍ പലാസിയോസും എത്തിയതോടെ കൂടുതല്‍ മികച്ച നീക്കങ്ങളുമുണ്ടായി. മുന്നേറ്റത്തില്‍ ജൂലിയന്‍ അല്‍വാരസിന്റെ വേഗമേറിയ നീക്കങ്ങളും അര്‍ജന്റീനയ്ക്ക് ഉണര്‍വ് നല്‍കി. പിന്നാലെ എന്‍സോയുടെ ഗോള്‍. 87-ാം മിനിറ്റിലാണ് മെസിയുടെ അസിസ്റ്റില്‍ എന്‍സോ വല കുലുക്കിയത്. 

Follow Us:
Download App:
  • android
  • ios