ഈ സീസണൊടുവിൽ ഞാൻ ലിവർപൂൾ വിടുകയാണ്. ഈ ക്ലബ്ബും നഗരവും ഇവിടുത്തെ മനുഷ്യരും എന്‍റെ ജീവിതത്തിന്റെ ഭാഗമാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.

ലിവർപൂൾ: ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ലിവർപൂളിന്‍റെ ഇതിഹാസ താരം മുഹമ്മദ് സലാ ക്ലബ്ബ് വിടുന്നു. ഒൻപത് വർഷം നീണ്ടുനിന്ന സുവർണ്ണ കാലഘട്ടത്തിന് വിരാമമിട്ടുകൊണ്ട് ഈ സീസൺ അവസാനത്തോടെ താൻ ക്ലബ്ബ് വിടുമെന്ന് സലാ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ചു. ക്ലബ്ബുമായി കരാർ നീട്ടിയിരുന്നെങ്കിലും പുതിയൊരു അധ്യായത്തിലേക്ക് മാറാൻ ലിവർപൂൾ മാനേജ്‌മെന്‍റുമായി താരം ധാരണയിലെത്തുകയായിരുന്നു.

ഈ സീസണൊടുവിൽ ഞാൻ ലിവർപൂൾ വിടുകയാണ്. ഈ ക്ലബ്ബും നഗരവും ഇവിടുത്തെ മനുഷ്യരും എന്‍റെ ജീവിതത്തിന്റെ ഭാഗമാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ലിവർപൂൾ വെറുമൊരു ഫുട്ബോൾ ക്ലബ്ബല്ല, അത് എന്‍റെ വീടാണ്. എന്‍റെ കരിയറിലെ ഏറ്റവും നല്ല സമയത്തും മോശം സമയത്തും നിങ്ങൾ എനിക്കൊപ്പം നിന്നു. ലിവർപൂൾ ആരാധകർ നൽകിയ സ്നേഹം ഞാൻ ഒരിക്കലും മറക്കില്ല- മുഹമ്മദ് സലാ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

View post on Instagram
 

 

2017-ൽ എഎസ് റോമയിൽ നിന്നാണ് സലാ ലിവർപൂളിലെത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് ക്ലബ്ബിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി സലാ മാറി. 435 മത്സരങ്ങളില്‍ ലിവര്‍പൂള്‍ ജേഴ്സിയണിഞ്ഞ സലാ 255 ഗോളുകള്‍ നേടി. ലിവര്‍പൂളിന്‍റെ എക്കാലത്തെയും വലിയ മൂന്നാമത്തെ ഗോള്‍വേട്ടക്കാരനുമാണ് സലാ. രണ്ട് പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ് വേൾഡ് കപ്പ്, എഫ്എ കപ്പ്, രണ്ട് ലീഗ് കപ്പുകൾ, യുഇഎഫ്‌എ സൂപ്പർ കപ്പ് എന്നിവയും ലിവര്‍പൂളിനൊപ്പം സലാ സ്വന്തമാക്കി. നാല് തവണ പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ട് ജേതാവുമായി.

35-ാം വയസ്സിൽ ക്ലബ്ബ് വിടുമ്പോൾ ഒരു ഇതിഹാസ പരിവേഷത്തോടെയാണ് സലാ പടിയിറങ്ങുന്നത്. ലിവർപൂളിന്‍റെ പ്രശസ്തമായ 'You'll Never Walk Alone' എന്ന ഗാനത്തെ അനുസ്മരിപ്പിച്ചുകൊണ്ടാണ് താരം തന്റെ സന്ദേശം അവസാനിപ്പിച്ചത്. സലായുടെ അടുത്ത ലക്ഷ്യസ്ഥാനം ഏതാണെന്ന് വ്യക്തമല്ലെങ്കിലും സൗദി പ്രോ ലീഗിലേക്കോ അമേരിക്കൻ ലീഗിലേക്കോ മാറാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.