ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ ലിവർപൂളിന് ജയം. ലിവർപൂൾ എതിരില്ലാത്ത രണ്ട് ഗോളിന് ചെൽസിയെ തോൽപിച്ചു. മുഹമ്മദ് സലയുടെയും സാദിയോ മാനേയുടെയും ഗോളുകൾക്കാണ് ലിവർപൂളിന്‍റെ ജയം. 

85 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്താനും ലിവർപൂളിനായി. രണ്ട് മിനിറ്റിനിടെയായിരുന്നു ലിവർപൂളിന്‍റെ ഗോളുകൾ. അൻപത്തിയൊന്നാം മിനിറ്റിൽ മാനേയും അൻപത്തിമൂന്നാം മിനിറ്റിൽ സലായും ലക്ഷ്യം കണ്ടു.

മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളിന് ക്രിസ്റ്റൽ പാലസിനെ തോൽപിച്ചു. റഹീം സ്റ്റെർലിംഗിന്‍റെ ഇരട്ടഗോൾ മികവിലാണ് സിറ്റിയുടെ ജയം. ഗബ്രിയേൽ ജീസസാണ് മൂന്നാം ഗോൾ നേടിയത്. 

83 പോയിന്‍റുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ് സിറ്റി. ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിനേക്കാൾ ഒരു മത്സരം കുറച്ച് കളിച്ചത് സിറ്റിക്ക് കിരീട പ്രതീക്ഷ നൽകുന്നുണ്ട്.