ദില്ലി: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകനാവാന്‍ ലോക ഫുട്ബോളിലെ സൂപ്പര്‍ പരിശീലകര്‍ അടക്കം 250 അപേക്ഷകര്‍. മാര്‍ച്ച് 29നായിരുന്നു പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. സ്റ്റീഫന്‍ കോണ്‍സ്റ്റാന്റൈനിന് പകരക്കാരനെ തേടിയാണ് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ അപേക്ഷകള്‍ ക്ഷണിച്ചത്.

ഇറ്റാലിയന്‍ പരിശീലകനായ ജിയോവാനി ഡി ബിയാസി, സ്വീഡന്റെ ഹകാന്‍ എറിക്സണ്‍, 2006ലെ ലോകകപ്പില്‍ ഫ്രാന്‍സിനെ ഫൈനലില്‍ എത്തിച്ച റെയ്മണ്ട് ഡൊമനിക്ക്, ഇംഗ്ലണ്ടിന്റെ സാം അല്ലാര്‍ഡി എന്നീ വമ്പന്‍ പേരുകാരും അപേക്ഷകരിലുണ്ട്.സിനദിന്‍ സിദാന്‍ നയിച്ച ഫ്രാന്‍സിനെ 2006 ലോകകപ്പിന്റെ ഫൈനലില്‍ എത്തിച്ച ഡൊമനിക്ക് 2010 ലോകകപ്പിലും ഫ്രാന്‍സിന്റെ പരിശീലകനായിരുന്നു. 2006 ലോകകപ്പ് ഫൈനലില്‍ ആണ് സിനദിന്‍ സിദാന്‍ ഇറ്റാലിയന്‍ താരം മാര്‍ക്കൊ മറ്റരാസിയെ തലകൊണ്ടിടിച്ചതിന് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത്.

ബംഗലൂരു എഫ് സി മുന്‍ പരിശീലകനായ ആല്‍ബര്‍ട്ട് റോക്കയും പരിശീലകസ്ഥാനത്തേക്ക് അപേക്ഷിച്ചവരുടെ കൂട്ടത്തിലുണ്ട്. ലോകഫുട്ബോളിലെ വമ്പന്‍ പേരുകാരെക്കാള്‍ പരിശീലകസ്ഥാനത്തേക്ക് റോക്കയ്ക്കാണ് സാധ്യതയെന്നാണ് റിപ്പോര്‍. ബംഗലൂരു എഫ്‌സി പരിശീലകനെന്ന നിലിയില്‍ പുറത്തെടുത്ത മികവും ഇന്ത്യന്‍ കളിക്കാരുമായുള്ള മികച്ച ബന്ധവുമാണ് റോക്കയ്ക്ക് അനുകൂലമായ ഘടകങ്ങള്‍.

കളിക്കാരും റോക്കയെ പിന്തുണക്കുന്നുവെന്നാമ് സൂചന. എഎഫ്‌സി ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം റൗണ്ടില്‍ പോലും കടക്കാനാവാതെ ഇന്ത്യ പുറത്തായതിനെത്തുടര്‍ന്നാണ് കോണ്‍സ്റ്റാന്റൈന്‍ പരിശീലകസ്ഥാനം ഒഴിഞ്ഞത്. കോണ്‍സ്റ്റാന്റൈന് കീഴില്‍ ഇന്ത്യ ഫിഫ റാങ്കിംഗില്‍ വലിയ മുന്നേറ്റം നടത്തിയിരുന്നു.