Asianet News MalayalamAsianet News Malayalam

ഖത്തര്‍ ലോകകപ്പിലെ മിന്നുന്ന പ്രകടനം; മൊറോക്കന്‍ താരങ്ങള്‍ക്ക് തീവില, വമ്പന്മാര്‍ പിന്നാലെ

ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ അഭിമാനമായതോടെ മൊറോക്കന്‍ താരങ്ങളുടെ വിപണിമൂല്യം 77 ശതമാനമാണ് ഉയര്‍ന്നത്. യുവതാരങ്ങളായ ഇസുദ്ദീന്‍ ഔനാഹി, സുഫിയാന്‍ അംറബത്, വാലിദ് ഖെദീര തുടങ്ങിയവര്‍ യൂറോപ്പിലെ വമ്പന്‍ ക്ലബുകളുടെ നോട്ടപ്പുള്ളികളായിക്കഴിഞ്ഞു.

Moroccan footballer hot in European market after dazzling performance in Qatar World Cup
Author
First Published Jan 21, 2023, 11:45 AM IST

ലണ്ടന്‍: ഖത്തര്‍ ലോകകപ്പില്‍ കളിമികവിലൂടെ ചരിത്രംകുറിച്ചത് മൊറോക്കോ ആയിരുന്നു. ഇതോടെ മൊറോക്കോ താരങ്ങളുടെ വിപണിമൂല്യവും കുതിച്ചുയര്‍ന്നിരിക്കുകയാണിപ്പോള്‍. ഖത്തറിലെ മൊറോക്കന്‍ കൊടുങ്കാറ്റില്‍ അടിതെറ്റിയത് വമ്പന്‍മാരായിരുന്നു. ബെല്‍ജിയവും സ്‌പെയ്‌നും പോര്‍ച്ചുഗലുമെല്ലാം മൊറോക്കന്‍ കരുത്തിന് മുന്നില്‍ വീണു. ഇതോടെ ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമെന്ന ചരിത്രനേട്ടവും മൊറോക്കോയ്ക്ക് സ്വന്തം.

ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ അഭിമാനമായതോടെ മൊറോക്കന്‍ താരങ്ങളുടെ വിപണിമൂല്യം 77 ശതമാനമാണ് ഉയര്‍ന്നത്. യുവതാരങ്ങളായ ഇസുദ്ദീന്‍ ഔനാഹി, സുഫിയാന്‍ അംറബത്, വാലിദ് ഖെദീര തുടങ്ങിയവര്‍ യൂറോപ്പിലെ വമ്പന്‍ ക്ലബുകളുടെ നോട്ടപ്പുള്ളികളായിക്കഴിഞ്ഞു. ഔനാഹിയെ ടീമിലെത്തിക്കാന്‍ എ സി മിലാന്‍, ബാഴ്‌സലോണ, ലെസ്റ്റര്‍ സിറ്റി, സെവിയ്യ എന്നീ ടീമുകളാണ് ശ്രമിക്കുന്നത്. 

ഇരുപത്തിരണ്ടുകാരനായ ഔനാഹിയുടെ കളിമികവിനെ സ്പാനിഷ് കോച്ച് ലൂയിസ് എന്റിക്വെയും പ്രശംസിച്ചിരുന്നു. 35 ലക്ഷം യൂറോയില്‍ നിന്ന് ഒന്നരക്കോടി യൂറോ ആയാണിപ്പോള്‍ ഫ്രഞ്ച് ക്ലബ് ആന്‍ഗേഴ്‌സിന്റെ താരമായ ഔനാഹിയുടെ വിപണിമൂല്യം ഉയര്‍ന്നിരിക്കുന്നത്. ഫിയറൊന്റീന താരമായ സുഫിയാന്‍ അംറബത്തിന്റെ മൂല്യം 10 ദശലക്ഷം യൂറോയില്‍ നിന്ന് 25 ദശലക്ഷം യൂറോയായി ഉയര്‍ന്നു. സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡാണ് സുഫിയാനെ സ്വന്തമാക്കാന്‍ രംഗത്തുള്ളത്.

ലോകകപ്പ് സെമിയില്‍ ഫ്രാന്‍സിനോട് തോറ്റാണ് മൊറോക്കോ പുറത്താവുന്നത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു മൊറോക്കോയുടെ ജയം. എങ്കിലും ഫ്രാന്‍സിനെ വെല്ലുവിളിക്കാന്‍ മൊറോക്കോയ്ക്ക് സാധിച്ചിരുന്നു. ഫിനിഷറുടെ അഭാവമാണ് മൊറോക്കോയെ ചതിച്ചത്. ലൂസേഴ്‌സ് ഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റ്, നാലാം സ്ഥാനത്തായിട്ടാണ് ടീം ലോകകപ്പ് അവസാനിപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ക്രൊയേഷ്യയുടെ ജയം. ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് മൊറോക്കോ സെമിയില്‍ കടന്നിരുന്നത്.

ഈ പ്രായത്തിലും റൊണാള്‍ഡോക്ക് മാത്രമെ അതിന് കഴിയു, വിമര്‍ശകരൊക്കെ എവിടെയെന്ന് കോലി

Follow Us:
Download App:
  • android
  • ios