ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍ താരം മുഹമ്മദ് സല. ഇന്നലെ ഹഡേഴ്‌സ്ഫീല്‍ഡിനെതിരെ രണ്ട് ഗോളുകള്‍ നേടിയതോടെയാണ് താരം 20 ഗോളുകള്‍ സ്വന്തമാക്കിയത്.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍ താരം മുഹമ്മദ് സല. ഇന്നലെ ഹഡേഴ്‌സ്ഫീല്‍ഡിനെതിരെ രണ്ട് ഗോളുകള്‍ നേടിയതോടെയാണ് താരം 20 ഗോളുകള്‍ സ്വന്തമാക്കിയത്. ഒന്നാമതെത്തിയ സന്തോഷത്തിനിടയിലും ഗ്രൗണ്ടില്‍ ഒരു ദാരുണ സംഭവം അരങ്ങേറി. 

ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ സലയുടെ ഷോട്ടില്‍ ഒരു ജീവനാണ് പൊലിഞ്ഞത്. ഷോട്ടുതിര്‍ത്തതിന് പിന്നാലെ ഒരു പ്രാവ് ഗ്രൗണ്ടില്‍ ചത്തുവീഴുകയായിരുന്നു. നിലത്ത് ജീവനറ്റു കിടക്കുന്ന പ്രാവിനെ ലിവര്‍പൂള്‍ താരം ഡാനിയേല്‍ സ്റ്റിഡ്ജ് നോക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

എന്നാല്‍ സലയുടെ തൊടുത്ത ഷോട്ട് കാരണമാണോ പ്രാവ് ചത്തുവീണതെന്ന് ഉറപ്പായിട്ടില്ല. മത്സരത്തില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത അഞ്ച് ഗോളിന് ഹഡേഴ്സ്ഫീല്‍ഡിനെ തകര്‍ക്കുകയായിരുന്നു. 36 മത്സരങ്ങളില്‍ 91 പോയിന്റുള്ള ലിവര്‍പൂള്‍ ഒന്നാമതാണ്. ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റര്‍ സിറ്റി 89 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.

Scroll to load tweet…