മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ചാങ്‌തെയിലൂടെ മുംബൈ മുന്നിലെത്തി. ബോക്‌സിന് പുറത്തുനിന്നുള്ള താരത്തിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി ഗോള്‍വരകടന്നു.

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരെ പൊരുതി സമനില നേടിയ എടികെ മോഹന്‍ ബഗാന്‍. ഇരുവരും രണ്ട് ഗോള്‍ വീതം നേടി. രണ്ട് തവണ ലീഡ് നേടിയ ശേഷമാണ് മുംബൈ സമനില വഴങ്ങിയത്. ലാലിയന്‍സുവാല ചങ്‌തെ, റോസ്റ്റിന്‍ ഗ്രിഫിത്സ് എന്നിവരാണ് മുംബൈയുടെ ഗോളുകള്‍ നേടിയത്. ജോണി കൗകോ, കാള്‍ മക്ഹ്യൂഗ് എന്നിവരുടെ വകയായിരുന്നു ബഗാന്റെ മറുപടി ഗോളുകള്‍. 74-ാം മിനിറ്റില്‍ ലെന്നി റോഡ്രിഗസ് ചുവപ്പ് കാര്‍ഡുമായി പുറത്താതോടെ പത്ത് പേരുമായിട്ടാണ് ബഗാന്‍ മത്സരം പൂര്‍ത്തിയാക്കി. 

മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ചാങ്‌തെയിലൂടെ മുംബൈ മുന്നിലെത്തി. ബോക്‌സിന് പുറത്തുനിന്നുള്ള താരത്തിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി ഗോള്‍വരകടന്നു. ആദ്യ പകുതി ഈ സ്‌കോറില്‍ അവസാനിച്ചു. എന്നാല്‍ 47-ാം മിനിറ്റില്‍ കൗകോയിലുടെ ബഗാന്‍ തിരിച്ചടിച്ചു. ലിസ്റ്റണ്‍ കൊളാക്കോയുടെ അസിസ്റ്റിലായിരുന്നു കൗകോയുടെ ഗോള്‍. 

72-ാം മിനിറ്റില്‍ ഗ്രിഫിത് മുംബൈക്ക് ഒരിക്കല്‍കൂടി ലീഡ് സമ്മാനിച്ചു. തൊട്ടുപിന്നാലെയാണ് റോഡ്രിഗ്‌സ് ചുവപ്പ് കാര്‍ഡിനെ തുടര്‍ന്ന് പുറത്തായത്. പത്തുപേരുമായി കളിച്ച് ബഗാന്‍ ഒപ്പമെത്തില്ലെന്നാണ് കരുതിയത്. എന്നാല്‍ മത്സരം അവസാനിപ്പിക്കാന്‍ രണ്ട് മിനിറ്റ് മാത്രമുള്ളപ്പോള്‍ മക്ഹ്യൂഗ് ടീമിനെ ഒപ്പമെത്തിച്ചു. ദിമിത്ര പെട്രാടോസാണ് ഗോളിന് വഴിയൊരുക്കിയത്.

'അവനെ ഒന്നും ചെയ്യരുത്'; ആരാധകനെ തൂക്കിയെടുത്ത സെക്യൂരിറ്റി ഉദ്യോഗസ്ഥനോട് രോഹിത്- വീഡിയോ

സമനിലയോടെ മുംബൈ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റുമായി മൂന്നാമതെത്തി. നാല് മത്സരങ്ങളില്‍ ഏഴ് പോയിന്റുള്ള ബഗാന്‍ അഞ്ചാം സ്ഥാനത്താണ്. ബുധനാഴ്ച്ചയാണ് ഇനി മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്. അന്ന് ജംഷഡ്പൂര്‍, ഹൈദരാബാദ് എഫ്‌സിയെ നേരിടും. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. എഫ്‌സി ഗോവയ്‌ക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. 13ന് കൊച്ചിയിലാണ് കളി.