ട്രാന്‍സ്ഫര്‍ ഫീയായി നല്ലൊരു തുക ബ്ലാസ്റ്റേഴ്‌സിന് ലഭിക്കും. 21കാരനായ സഞ്ജീവ് കഴിഞ്ഞ സീസണില്‍ എട്ട് മത്സരങ്ങളില്‍ കളിച്ചിരുന്നു. സഞ്ജീവിന് ആശംസകള്‍ നേരുന്നതായി ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സില്‍ (Kerala Blasters) നിന്ന് വീണ്ടുമൊരു കൂടുമാറ്റം. യുവ ഡിഫന്‍ഡര്‍ സഞ്ജീവ് സ്റ്റാലിന്‍ (Sanjeev Stalin), മുംബൈ സിറ്റിയില്‍ ചേരും. മുംബൈ (Mumbai City FC) ടീമുമായി ധാരണയിലെത്തിയതായി ബ്ലാസ്റ്റേഴ്‌സ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. മൂന്ന് വര്‍ഷത്തെ കരാറില്‍ ബ്ലാസ്റ്റേഴ്‌സില്‍ എത്തിയ സഞ്ജീവ്, ഒരു സീസണ്‍ മാത്രം കളിച്ചശേഷമാണ് ബ്ലാസ്റ്റഴ്‌സ് വിടുന്നത്.

ട്രാന്‍സ്ഫര്‍ ഫീയായി നല്ലൊരു തുക ബ്ലാസ്റ്റേഴ്‌സിന് ലഭിക്കും. 21കാരനായ സഞ്ജീവ് കഴിഞ്ഞ സീസണില്‍ എട്ട് മത്സരങ്ങളില്‍ കളിച്ചിരുന്നു. സഞ്ജീവിന് ആശംസകള്‍ നേരുന്നതായി ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. അതേസമയം ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെട്ട താരത്തെ കൈവിട്ടതില്‍ ആരാധകര്‍ക്കിടയില്‍ സമ്മിശ്ര വികാരമാണുള്ളത്.

View post on Instagram

സീസണില്‍ ക്ലബ് വിടുന്ന ആറാമത്തെ താരാണ് സഞ്ജീവ്. ആല്‍വാരോ വാസ്‌ക്വസും യുവതാരം വിന്‍സി ബാരെറ്റോയും നേരത്തെ ക്ലബ് വിട്ടിരുന്നു. പിന്നാലെ ചെഞ്ചോ ഗ്യല്‍ഷനേയും ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കി. ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസ്, സെതിയാന്‍ സിംഗ് എന്നിവര്‍ക്കും ക്ലബ് വിടേണ്ടി വന്നു. ഇപ്പോള്‍ സഞ്ജീവും മഞ്ഞപ്പടയോട് വിട പറഞ്ഞു.

ഉദ്ഘാടന മത്സരം കൊച്ചിയില്‍

ഐ എസ് എല്‍ (ISL 2022-23) ഒന്‍പതാം സീസണിലെ ഉദ്ഘാടന മത്സരത്തിന് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വേദിയാകും. ഒക്ടോബര്‍ ആറിന് നടക്കുന്ന ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ്, എടികെ മോഹന്‍ ബഗാനെ നേരിടും. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷവും ഗോവയില്‍ മാത്രമായിരുന്നു മത്സരങ്ങള്‍ നടന്നത്.

കഴിഞ്ഞ ഐ എസ് എല്ലിലും കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടിയത്. അന്ന് എടികെ മോഹന്‍ ബഗാന്‍ 4-2 ന് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചു. ഉദ്ഘാടന മത്സരം ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്‌സിന്റെ 10 ഹോം മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാവും. ഈ സീസണിലെ മത്സരങ്ങള്‍ ഒന്‍പത് മാസം നീണ്ടുനില്‍ക്കും.