എഫ്‌സി ഗോവയെ മൂന്നിനെതിരെ അഞ്ച് ഗോളിന് വീഴ്‌ത്തി മുംബൈ സിറ്റി എഫ്‌സി ലീഗ് ഷീല്‍ഡ് സ്വന്തമാക്കി

ബെംഗളൂരു: ഐഎസ്എല്ലില്‍ അപരാജിത കുതിപ്പ് തുടരുന്ന മുംബൈ സിറ്റി എഫ്‌സിക്ക് ലീഗ് ഷീല്‍ഡ്. എഫ്‌സി ഗോവയെ എവേ ഗ്രൗണ്ടില്‍ മൂന്നിനെതിരെ അഞ്ച് ഗോളിന് മലര്‍ത്തിയടിച്ചാണ് മുംബൈ സിറ്റി ഷീല്‍ഡ് ഉയര്‍ത്തിയത്. 18 മത്സരങ്ങളില്‍ ഒരു തോല്‍വി പോലുമില്ലാതെ 46 പോയിന്‍റുമായാണ് മുംബൈയുടെ തേരോട്ടം. സീസണിലെ പതിനെട്ട് കളിയില്‍ 14 ജയവും നാല് സമനിലയിലുമുള്ള മുംബൈ സിറ്റി എഫ്‌സി ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. രണ്ടാമതുള്ള ഹൈദരാബാദ് എഫ്‌സിക്ക് 17 മത്സരങ്ങളില്‍ 36 പോയിന്‍റേയുള്ളൂ. 

ഫറ്റോഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ എഫ്‌സി ഗോവയെ മൂന്നിനെതിരെ അഞ്ച് ഗോളിന് വീഴ്‌ത്തി മുംബൈ സിറ്റി എഫ്‌സി ലീഗ് ഷീല്‍ഡ് സ്വന്തമാക്കുകയായിരുന്നു. ഗോവയ്ക്കായി നോഹ് സദോയ്, ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ്, ബ്രിസണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഗോളടി മേളമായിരുന്നു ഫറ്റോഡയിലെ എവേ ഗ്രൗണ്ടില്‍ മുംബൈ സിറ്റി. ഗ്രെഗ് സ്റ്റുവര്‍ട്ട്(18, 44) ഇരട്ട ഗോള്‍ നേടിയപ്പോള്‍ പെരേര ഡയസും(40), ലാലിയന്‍സ്വാല ചാങ്‌തെയും(71) വിക്രം സിങ്ങുമാണ്(77) മുംബൈക്കായി വല ചലിപ്പിച്ച മറ്റ് താരങ്ങള്‍. 44 ശതമാനം മാത്രമാണ് പന്ത് കാല്‍ക്കല്‍ വച്ചതെങ്കിലും ടാര്‍ഗറ്റിലേക്ക് പായിച്ച എട്ടില്‍ അഞ്ചും വലയിലെത്തിച്ച് ലീഗ് ഷീല്‍ഡ് കരസ്ഥമാക്കുകയായിരുന്നു മുംബൈ ടീം. 

Scroll to load tweet…

അതേസമയം പ്ലേഓഫ് ഉറപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് എവേ ഗ്രൗണ്ടില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ ഇറങ്ങിയിരിക്കുകയാണ്. ബിഎഫ്‌സിക്കെതിരെ 4-3-3 ഫോര്‍മേഷനിലാണ് ബ്ലാസ്റ്റേഴ്‌സ് മൈതാനത്തെത്തിയത്. മലയാളി താരങ്ങളായ സഹല്‍ അബ്‌ദുള്‍ സമദും രാഹുല്‍ കെ പിയും മഞ്ഞപ്പടയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ട്. ക്യാപ്റ്റന്‍ ജെസ്സലിന് പുറമെ ദിമിത്രിയോസ് ഡയമന്‍റക്കോസ്, ഇവാന്‍ കല്യൂഷ്‌നി, ജീക്‌സണ്‍ സിംഗ്, അഡ്രിയാന്‍ ലൂണ, നിഷു കുമാര്‍, ഹോര്‍മിപാം. വിക്‌ടര്‍ മോംഗില്‍ എന്നിവരാണ് ലൈനപ്പിലുള്ളത്. ഗോള്‍ബാറിന് കീഴെ പ്രഭ്‌സുഖന്‍ ഗില്‍ തുടരുന്നു. ഇന്ന് വിജയിച്ച് പ്ലേഓഫ് പ്രതീക്ഷ ഉറപ്പിക്കുകയാണ് ഇവാന്‍ വുകോമനോവിച്ചിന്‍റെയും സംഘത്തിന്‍റേയും ലക്ഷ്യം. 

ബെംഗളൂരു പിടിച്ചെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സ്; സഹലും രാഹുലും കളത്തില്‍, ലൈനപ്പ് പ്രഖ്യാപിച്ചു