ഐപിഎല്ലിന്‍റെ രാജാക്കാന്മാരായ മുംബൈ ഇന്ത്യന്‍സില്‍ നിന്നും കേരളത്തിന് വിജയം ആശംസിച്ച് കൊണ്ടെത്തിയ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

മുംബൈ: ഐഎസ്എലിന്‍റെ കന്നിക്കിരീടം കേരളത്തിലെത്തുമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ആവേശത്തിന്‍റെ മഞ്ഞക്കടല്‍ ഇരമ്പിയാര്‍ക്കുകയാണ്. കേരളത്തിലെ സിനിമ, രാഷ്ട്രീയം തുടങ്ങി എല്ലാവരും കേരളത്തിന്‍റെ സ്വന്തം ബ്ലാസ്റ്റേഴ്സിന് ആശംസകള്‍ അറിയിച്ചു കൊണ്ടിരിക്കുകയാണ്. ഐപിഎല്ലിന്‍റെ രാജാക്കാന്മാരായ മുംബൈ ഇന്ത്യന്‍സില്‍ നിന്നും കേരളത്തിന് വിജയം ആശംസിച്ച് കൊണ്ടെത്തിയ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

മലയാളി താരം ബേസില്‍ തമ്പി ഇത്തവണ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് ഐപിഎല്ലില്‍ കളിക്കുന്നത്. താരത്തിന്‍റെ ആശംസ വീഡിയോ ആണ് മലയാളത്തിലുള്ള കുറിപ്പിമായി മുംബൈ ഇന്ത്യന്‍സ് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. മച്ചാന്മാരേ, എടുത്തോണ്ട് വാടാ കപ്പ് നമ്മടെ നാട്ടിലോട്ട് എന്ന് ആവേശം പങ്കുവെച്ചു കൊണ്ട് ബേസില്‍ പറഞ്ഞു. ഇത്തവണ കപ്പ് ബ്ലാസ്റ്റേഴ്സ് നേടുമെന്ന് ഉറപ്പാണെന്നും അത്രയും മികച്ച പ്രകടനമാണ് ടീം നടത്തുന്നതെന്നും ബേസില്‍ പറഞ്ഞു.

ഹൈദരാബാദിന് സണ്‍റൈസേഴ്സ് ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് മുംബൈ ഇന്ത്യന്‍സ് ഉണ്ട് എന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ പോസ്റ്റിനോട് പ്രതികരിക്കുന്നത്. അതേസമയം, മത്സരത്തിന് മുമ്പ് പരിക്ക് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ആശങ്കപ്പെടുത്തുന്നുണ്ട്. നിര്‍ണായക സമയത്ത് രണ്ട് സൂപ്പര്‍ താരങ്ങള്‍ പരിക്കിന്‍റെ പിടിയിലാണ്. ബ്ലാസ്റ്റേഴ്‌സിന്‍റെ മുന്നോട്ടുള്ള കുതിപ്പില്‍ മുഖ്യപങ്കുവഹിച്ച അഡ്രിയാന്‍ ലൂണയ്‌ക്കൊപ്പം സഹല്‍ അബ്‌ദുല്‍ സമദും കളിക്കുന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്.

സഹല്‍ ഫിറ്റാണെന്നും ഇന്നലെ പരിശീലനം ആരംഭിച്ചെന്നുമാണ് പരിശീലകന്‍ പറഞ്ഞത്. ലൂണ മെഡിക്കല്‍ സംഘത്തോടൊപ്പം തുടരുകയാണെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സെമിയില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്‌പൂര്‍ എഫ്‌സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്.

ഹൈദരാബാദ് എഫ്‌സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി. ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഓരോ കളിയില്‍ ജയിച്ചു. ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മഞ്ഞ ജേഴ്സി ഇടാനാവില്ല. ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്‍റ് നേടിയതിനാല്‍ ഹൈദരാബാദിന് ഹോം ജേഴ്‌സിയായ മഞ്ഞ കുപ്പായം ധരിക്കാം.