തന്‍റെ കരിയറിൽ ഇനിയൊരു ലോകകപ്പ് കിരീടം നേടാനായില്ലെങ്കിൽ പോലും ഫുട്ബോൾ ചരിത്രത്തിൽ താൻ എഴുതിച്ചേർത്ത മഹത്വത്തിന് യാതൊരു കോട്ടവും സംഭവിക്കില്ലെന്ന് 41-കാരനായ റൊണാള്‍ഡോ ഓർമ്മിപ്പിച്ചു.

മെക്സിക്കോ സിറ്റി: ഇത് തന്‍റെ അവസാന ലോകകപ്പാണെന്ന് തുറന്നു പറഞ്ഞ് ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇന്ന് സ്പെയിനിനെ നേരിടിനിറങ്ങുന്ന പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. എന്നാൽ, കരിയർ അവസാനിപ്പിക്കേണ്ടത് എപ്പോഴെന്ന് മാധ്യമങ്ങളോ വിമർശകരോ തീരുമാനിക്കേണ്ടതില്ലെന്നും പോര്‍ച്ചുഗലിനായുള്ള തന്‍റെ അവസാന മത്സരമായിരിക്കില്ല ഇന്നത്തേതെന്നും സ്പെയിനിനെതിരായ പോരാട്ടത്തിന് മുമ്പ് വാർത്താസമ്മേളനത്തിൽ സംസാരിക്കവെ റൊണാള്‍ഡോ പറഞ്ഞു. താൻ ഈ ലോകകപ്പിലെ ഓരോ നിമിഷവും ആസ്വദിക്കുകയാണെന്നും റൊണാള്‍ഡോ വ്യക്തമാക്കി.

ലോകകപ്പ് നേടിയില്ലെങ്കിലും എന്‍റെ മഹത്വം കുറയില്ല

തന്‍റെ കരിയറിൽ ഇനിയൊരു ലോകകപ്പ് കിരീടം നേടാനായില്ലെങ്കിൽ പോലും ഫുട്ബോൾ ചരിത്രത്തിൽ താൻ എഴുതിച്ചേർത്ത മഹത്വത്തിന് യാതൊരു കോട്ടവും സംഭവിക്കില്ലെന്ന് 41-കാരനായ റൊണാള്‍ഡോ ഓർമ്മിപ്പിച്ചു. ആദ്യ ഇലവനിൽ ഇല്ലാതെ ബെഞ്ചിലിരിക്കേണ്ടി വന്നാൽ പോലും ടീമിലുള്ള തന്‍റെ സ്വാധീനവും പങ്കും കുറയുകയില്ലെന്നും റൊണാൾഡോ വ്യക്തമാക്കി. 41-ാം വയസ്സിൽ ഞാൻ കളിക്കുന്നതിനെ വിമർശിക്കുന്ന ഒട്ടനവധി പേരുണ്ട്. കഴിഞ്ഞ 23 വർഷമായി ഇതേ വേട്ടയാടൽ ഞാൻ നേരിടുന്നു. എന്നെ വിമർശിച്ച് ആരും വെറുതെ സമയം കളയരുത്- റൊണാൾഡോ പറഞ്ഞു.

നിങ്ങൾ എപ്പോഴും ഒരേ ചോദ്യം തന്നെയാണ് ചോദിക്കുന്നത്. ഇത് നിങ്ങളുടെ അവസാനത്തെ ലോകകപ്പാണോ?'എന്ന്. അത് നമുക്ക് കാണാം. കഴിഞ്ഞ 23 വർഷമായി നിങ്ങൾ എന്നെ തകർക്കാൻ നോക്കുന്നു, എന്നാൽ അതുകൊണ്ട് യാതൊരു കാര്യവുമില്ലെന്ന് നിങ്ങൾ മനസ്സിലാക്കണം. അത് വെറും സമയനഷ്ടമാണ്. ഞാൻ ഇതിനെല്ലാം ശീലിച്ചുകഴിഞ്ഞു. 40 വയസ്സ് തികഞ്ഞിട്ടും എനിക്കെതിരെ വരുന്ന വിമർശനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. കാരണം, ആ വിമർശനങ്ങളാണ് എന്നെ വളർത്തിയത്- റൊണാൾഡോ വ്യക്തമാക്കി.

മത്സരത്തിന്റെ ഫലം എന്തുതന്നെയായാലും തനിക്ക് യാതൊരു സമ്മർദ്ദവുമില്ലെന്ന് താരം കൂട്ടിച്ചേർത്തു. ഞാൻ തികച്ചും ആത്മാർത്ഥമായി പറയുകയാണ്, മത്സരത്തിൽ എന്ത് സംഭവിച്ചാലും ക്രിസ്റ്റ്യാനോ 100 ശതമാനം തെളിഞ്ഞ മനസാക്ഷിയോടെ മാത്രമേ കളം വിടൂ. ഫുട്ബോളിനായി എനിക്ക് നൽകാൻ കഴിയുന്നതെല്ലാം ഞാൻ നൽകിയിട്ടുണ്ട്. ഇത്രയും വർഷം കളിക്കാൻ കഴിഞ്ഞത് ഫുട്ബോളിനോടുള്ള എന്‍റെ അഭിനിവേശം കൊണ്ടാണ്. പണത്തിനോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടിയല്ല ഞാൻ കളിക്കുന്നത്. എന്‍റെ ജീവിതം ഇപ്പോൾ വളരെ സുരക്ഷിതമാണ്. എനിക്ക് എന്‍റെ രാജ്യത്തിനായി കളിക്കാൻ ഇഷ്ടമാണ്-റൊണാള്‍ഡോ പറഞ്ഞു.

ഞാൻ പഴയ റൊണാൾഡോ അല്ല, പക്ഷേ ഇപ്പോഴും ഗോളടിക്കുന്നുണ്ട്

പ്രായം കളിയിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വളരെ പക്വതയോടെയാണ് റൊണാൾഡോ മറുപടി നൽകിയത്. ഞാൻ ആ പഴയ റൊണാൾഡോ അല്ലെന്ന യാഥാർത്ഥ്യം എനിക്കറിയാം. പക്ഷേ ഇപ്പോഴും എനിക്ക് ടീമിനായി ഗോളടിക്കാൻ കഴിയുന്നുണ്ട്. അത് ഇനിയും തുടരാൻ സാധിക്കുമെന്നാണ് എന്‍റെ പ്രതീക്ഷ. യുവതലമുറയിലെ പ്രതിഭകളെക്കുറിച്ചുള്ള ചോദ്യത്തിന്, സ്പെയിനിന്‍റെ കൗമാര വിസ്മയം ലമീൻ യമാലിനെ റൊണാൾഡോ പ്രത്യേകം പ്രശംസിച്ചു. യമാൽ ഫുട്ബോളിൽ വലിയ ഭാവിയുള്ള മികച്ചൊരു താരമാണെന്ന് റൊണാൾഡോ അഭിപ്രായപ്പെട്ടു. ടെക്സസിലെ സതേൺ മെത്തഡിസ്റ്റ് യൂണിവേഴ്സിറ്റിയിൽ സഹതാരങ്ങൾക്കൊപ്പം പരിശീലനം പൂർത്തിയാക്കിയ റൊണാൾഡോ, റോബർട്ടോ മാർട്ടിനെസിന്‍റെ കീഴിലുള്ള പോർച്ചുഗൽ സംഘത്തിന് സ്പെയിനെ മറികടക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്പെയിനിനെതിരെ കളിക്കുന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമാണെന്നും മുൻ റയൽ മാഡ്രിഡ് താരം കൂടിയായ റൊണാള്‍ഡോ പറഞ്ഞു. സ്പെയിനിനെതിരെ താരം കളത്തിലിറങ്ങുകയാണെങ്കിൽ അത് പോർച്ചുഗൽ ജേഴ്സിയിലെ റൊണാൾഡോയുടെ 233-ാം മത്സരമാകും.

സ്പെയിൻ എപ്പോഴും ശക്തരായ ടീമാണ്. ഈ മത്സരത്തിൽ അവർക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ചെറിയ പിഴവുകളാകും കളിയുടെ ഫലം നിർണ്ണയിക്കുക. എങ്കിലും നമ്മൾ ജയിക്കുമെന്ന ശക്തമായ തോന്നൽ എനിക്കുണ്ട്. ഇത് എന്‍റെ അവസാന ലോകകപ്പാണെങ്കിൽ പോലും ഇത് എന്‍റെ അവസാന മത്സരമാകില്ല. കാരണം എനിക്ക് ഇനിയും മുന്നോട്ട് പോകാനുണ്ട്- റൊണാൾഡോ പറഞ്ഞു നിർത്തി. തന്‍റെ ആറാമത്തെ ലോകകപ്പിൽ പോർച്ചുഗലിനായി ബൂട്ട് കെട്ടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ, കിരീടത്തോടെ തന്നെ തന്‍റെ അവസാന ലോകകപ്പ് വേദി മനോഹരമാക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക