10 പേരുമായി പൊരുതി; 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് സ്വർണം
28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് സ്വർണം. ഫൈനലിൽ ഉത്തരാഖണ്ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് കേരളത്തിന്റെ സ്വർണനേട്ടം.

ഡെറാഡൂണ്‍: 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് സ്വർണം.ഫൈനലിൽ ഉത്തരാഖണ്ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് അജയ് അലക്സിന്‍റെ നേതൃത്വത്തിലിറങ്ങിയ കേരളത്തിന്‍റെ സ്വര്‍ണ നേട്ടം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ 52-ാം മിനിറ്റില്‍ ഗോകുൽ സന്തോഷമാണ് കേരളത്തിന്‍റെ വിജയഗോൾ നേടിയത്.
74-ാം മിനിറ്റില്‍ വിവാദപരമായ തീരുമാനത്തിലൂടെ സഫ്‌വാന്‍ എം ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായി അവസാന 20 മിനിറ്റ് പൊരുതി നിന്നാണ് കേരളം വിജയം പിടിച്ചെടുത്തത്. ഉത്തരാഖണ്ഡ് ഫോര്‍വേര്‍ഡിനെ ഫൗള്‍ ചെയ്തതിന് സഫ്‌വാന് ആദ്യം മഞ്ഞക്കാര്‍ഡ് നല്‍കിയ റഫറി താനുമോയ് സര്‍ക്കാര്‍ അസിസ്റ്റന്‍റ് റഫറിയുമായി കൂടിയാലോചിച്ച ശേഷം ചുവപ്പ് കാര്‍ഡ് നല്‍കുകയായിരുന്നു. ഇഞ്ചുറി ടൈമായി ഒമ്പത് മിനിറ്റ് അധികമായി അനുവദിച്ചിട്ടും സമനില ഗോള്‍ നേടാന്‍ ഉത്തരാഖണ്ഡിനായില്ല.
28 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫുട്ബോളിൽ കേരളത്തിന്റെ സ്വർണനേട്ടം.1997ലായിരുന്നു അവസാനമായി കേരളം ദേശീയ ഗെയിംസില്‍ ഫുട്ബോൾ സ്വർണം നേടിയത്. ദേശീയ ഗെയിംസ് ഫുട്ബോളിലെ കേരളത്തിന്‍റെ മൂന്നാം സ്വര്‍ണ നേട്ടമാണിത്. ഇതോടെ ദേശീയ ഗെയിംസ് ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ പഞ്ചാബിന്‍റെയും ബംഗാളിന്‍റെയും നേട്ടത്തിനൊപ്പം കേരളവുമെത്തി. ദേശീയ ഗെയിംസ് ഫുട്ബോളില്‍ 2022ൽ കേരളം വെള്ളിയും കഴിഞ്ഞ വര്‍ഷം വെങ്കലവും നേടിയിരുന്നു. ഷഫീഖ് ഹസന്‍ മഠത്തില്‍ ആണ് കേരള ടീമിന്‍റെ പരീശീലകന്‍. 28 വര്‍ഷത്തിനുശേഷം കേരളത്തിന് ഫുട്ബോള്‍ സ്വര്‍ണം സമ്മാനിച്ചതില്‍ അഭിമാനമുണ്ടെന്ന് കേരള ടീം നായകന്‍ അജയ് അലക്സ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
