Asianet News MalayalamAsianet News Malayalam

യൂറോ കപ്പ്: ത്രില്ലറില്‍ ഉക്രയ്‌നിനെ തകര്‍ത്ത് നെതര്‍ലന്‍ഡ്‌സ് തുടങ്ങി

ജിയോജിന്യോ വെനാല്‍ഡം. വൗട്ട് വെഖോസ്റ്റ്, ഡെന്‍സല്‍ ഡംഫ്രീസ് എന്നിവരാണ് നെതര്‍ലന്‍ഡ്‌സിന്റെ ഗോള്‍ നേടിയത്. ആന്ദ്രേ യമൊലെങ്കോ, റോമന്‍ യാറേചുക് എന്നിവര്‍ ഉക്രെയ്‌നിനായി ഗോളുകള്‍ മടക്കി. 

Netherlands won in a thriller vs Ukraine in Euro Cup
Author
Amsterdam, First Published Jun 14, 2021, 3:28 AM IST

ആംസ്റ്റര്‍ഡാം: യൂറോ കപ്പില്‍ നെതര്‍ലന്‍ഡ്‌സ് ജയത്തോടെ തുടങ്ങി. ഗ്രൂപ്പ് സിയില്‍ ഉക്രയ്‌നിനെതിരായ മത്സരത്തില്‍ 3-2നായിരുന്നു ഡച്ച് പടയുടെ ജയം. ജിയോജിന്യോ വെനാല്‍ഡം. വൗട്ട് വെഖോസ്റ്റ്, ഡെന്‍സല്‍ ഡംഫ്രീസ് എന്നിവരാണ് നെതര്‍ലന്‍ഡ്‌സിന്റെ ഗോള്‍ നേടിയത്. ആന്ദ്രേ യമൊലെങ്കോ, റോമന്‍ യാറേചുക് എന്നിവര്‍ ഉക്രെയ്‌നിനായി ഗോളുകള്‍ മടക്കി. 

ആദ്യ പകുതിയില്‍ ഇരുടീമുകളും മനോഹരമായി കളിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. വെനാല്‍ഡം, മെംഫിസ് ഡിപെ, വെഖോസ്റ്റ്, ഡംഫ്രീസ് എന്നിവര്‍ നിരന്തരം ഉക്രെയ്ന്‍ ഗോള്‍ മുഖത്ത് ഭീഷണി മുഴക്കി. മറുവശത്ത് ഉക്രെയ്‌നാവട്ടെ കൗണ്ടര്‍ അറ്റാക്കുകളിലൂടെ നെതര്‍ലന്‍ഡ്‌സിന്റെ പ്രതിരോധത്തെ പരീക്ഷിച്ചു. എങ്കിലും അക്കൗണ്ട് തുറക്കാന്‍ ഇരുവര്‍ക്കുമായില്ല. 

രണ്ടാം പകുതിയില്‍ നെതര്‍ലന്‍ഡ്‌സ് രണ്ട് ഗോളിന്റെ ആധികാരിക ലീഡ് നേടി. 52ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. 
വലതു വിംഗില്‍ നിന്ന് ഡംഫ്രീസിന്റെ ക്രോസില്‍ ഉക്രൈന്‍ ഗോള്‍ കീപ്പര്‍ തടഞ്ഞിട്ടെങ്കിലും ഓടിയടുത്ത വെനാള്‍ഡം ഗോള്‍വല കുലുക്കി. ആറ് മിനിറ്റുകള്‍ക്കകം ഹോളണ്ട് ലീഡ് രണ്ടാക്കി ഉയര്‍ത്തി. വെഖോസ്റ്റിന്റെ ഷോട്ട് കീപ്പറേയും മറികട് പോസ്റ്റിലേക്ക്.

മത്സരം അനായാസം നെതര്‍ലന്‍ഡ്‌സ് ജയിക്കുമെന്ന് കരുതിയിരിക്കെയാണ് 75-ാം മിനിറ്റില്‍ യമൊലെങ്കോയുടെ തകര്‍പ്പന്‍ ഗോള്‍ വന്നത്. ബോക്‌സിന് പുറത്ത് താരം തൊടുത്തുവിട്ട ഇടങ്കാലന്‍ ഷോട്ട് ഫാര്‍ പോസ്റ്റിലേക്ക് താഴ്ന്നിറങ്ങി. നാല് മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോള്‍. ഇത്തവണ ഫ്രീകിക്കില്‍ തലവച്ച് യാറേചുക് ഗോള്‍ നേടുകയായിരുന്നു. എന്നാല്‍ ഡംഫ്രീസ് മറ്റൊരു ഹെഡ്ഡറിലൂടെ നെതര്‍ലന്‍ഡ്‌സിന് വിജയം സമ്മാനിച്ചു. 

ഇന്ന് ഗ്രൂപ്പ് ഡിയില്‍ 6.30ന് നടക്കുന്ന മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡ്, ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. ഗ്രൂപ്പ് ഇയില്‍ പോളണ്ട്- സ്ലോവാക്യ മത്സരവും നാളെയാണ്. രാത്രി 12.30ന് സ്‌പെയന്‍- സ്വീഡന്‍ മത്സരവുമുണ്ട്.

Follow Us:
Download App:
  • android
  • ios