ആദ്യ മത്സരത്തിൽ ഗോൾ നേടാനാകാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ച തനിക്ക് കരിയറിലെ ഏറ്റവും ഇരുണ്ട നാളുകളായിരുന്നുവെന്ന് 41-കാരനായ റൊണാള്‍ഡോ തുറന്നുപറഞ്ഞു.
ബോസ്റ്റൺ: കളിക്കളത്തിൽ ഇരട്ട ഗോളുകളുമായി വിമർശകരുടെ വായടപ്പിച്ചെങ്കിലും, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ കലിപ്പടക്കാനാകാതെ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അര്‍ജന്‍റീനിയൻ നായകന്‍ ലിയോണൽ മെസിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് റൊണാള്‍ഡോ കടുത്ത അതൃപ്തി പ്രകടിപ്പിച്ചത്.
ആദ്യ മത്സരത്തിൽ ഗോൾ നേടാനാകാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ച തനിക്ക് കരിയറിലെ ഏറ്റവും ഇരുണ്ട നാളുകളായിരുന്നുവെന്ന് 41-കാരനായ റൊണാള്‍ഡോ തുറന്നുപറഞ്ഞു. ഫുട്ബോളിൽ നിന്ന് താൻ വിരമിച്ച മട്ടിലായിരുന്നു വിമർശകരുടെ പ്രതികരണങ്ങൾ. എന്നാൽ മാധ്യമങ്ങളുമായുള്ള സംവാദത്തിനിടയിൽ മെസിയുമായുള്ള താരതമ്യങ്ങൾ വീണ്ടുമെത്തിയതാണ് പോർച്ചുഗീസ് നായകനെ ചൊടിപ്പിച്ചത്.
കരിയറിന്‍റെ സായന്തനത്തിലും മെസി-റൊണാൾഡോ പോരാട്ടത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ മാധ്യമങ്ങൾ ആവർത്തിക്കുകയാണ്. ഈ ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് 5 ഗോളുകളുമായി മെസി ഗോൾവേട്ടയിൽ മുന്നിലാണ്. ഇതേക്കുറിച്ചുള്ള ചോദ്യമാണ് റൊണാൾഡോയെ പ്രകോപിപ്പിച്ചത്. മാധ്യമപ്രവർത്തകർക്കിടയിലേക്ക് റൊണാൾഡോ എത്തിയപ്പോൾ ഒരു റിപ്പോർട്ടർ, ഇന്നലെ ലിയിണൽ മെസി രണ്ട് ഗോളുകൾ നേടി, കിലിയൻ എംബാപ്പെ..." എന്ന് ചോദ്യം ആരംഭിച്ച് മെസിയുടെ പേര് പറഞ്ഞയുടൻ തന്നെ റൊണാൾഡോ അസ്വസ്ഥനായി തല തിരിക്കുകയായിരുന്നു. ചോദ്യം പൂർത്തിയാക്കാൻ പോലും അനുവദിക്കാതെ, മറ്റൊരു റിപ്പോർട്ടറോട് ചോദ്യം ചോദിക്കാൻ ആവശ്യപ്പെട്ട് റൊണാൾഡോ മുന്നോട്ടുനീങ്ങി. ഈ റിയാക്ഷൻ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലക്ഷണക്കണക്കിന് ആളുകളാണ് കാണുന്നത്.
മറ്റൊരു റിപ്പോർട്ടർ ചോദ്യം ചോദിക്കാൻ അനുവാദം ചോദിച്ചപ്പോൾ, "അത് നീ ചോദിക്കുന്ന ചോദ്യത്തെ ആശ്രയിച്ചിരിക്കും, ഇല്ലെങ്കിൽ ഞാൻ മറുപടി പറയില്ല എന്ന് റൊണാൾഡോ തമാശരൂപേണ മുന്നറിയിപ്പും നൽകി. ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടത്തിൽ അർജന്റീനയും പോർച്ചുഗലും നേർക്കുനേർ വരാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ റൊണാൾഡോയുടെ മറുപടി ഇങ്ങനെയായിരുന്നു. ഇതിന് എങ്ങനെ മറുപടി പറയണമെന്ന് എനിക്കറിയില്ല. നിലവിലെ സാഹചര്യത്തിൽ വലിയ അർത്ഥമില്ലാത്ത ഒരു ചോദ്യമാണിത്. എങ്കിലും, അങ്ങനെ ഒരു മത്സരം ഉണ്ടായാൽ അത് ടോപ്പ് ആയിരിക്കുമെന്നായിരുന്നു റൊണാള്‍ഡോയുടെ മറുപടി.
സംഭാഷണം അവസാനിപ്പിച്ച് മടങ്ങാൻ ഒരുങ്ങവെ വീണ്ടും ഒരു മാധ്യമപ്രവർത്തകൻ മെസിയെക്കുറിച്ച് ചോദിക്കാൻ തുനിഞ്ഞതോടെ കടുത്ത അതൃപ്തിയോടെയാണ് റൊണാൾഡോ മിക്സഡ് സോൺ വിട്ടത്. ലിയോണൽ മെസിയുടെ അർജന്‍റീന ഇതിനകം തന്നെ ലോകകപ്പിന്‍റെ റൗണ്ട് ഓഫ് 32 യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. എന്നാൽ രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിന്‍റുള്ള പോർച്ചുഗലിന് നോക്കൗട്ട് ടിക്കറ്റ് ഉറപ്പാക്കാൻ അവസാന മത്സരം വരെ കാത്തിരിക്കണം.
