മാഡ്രിഡ്: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ബാഴ്സലോണയിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. കരാര്‍ സംബന്ധിച്ച് ബാഴ്സയും നെയ്മറും വാക്കാല്‍ ധാരണയിലെത്തിയെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ധാരണയനുസരിച്ച് നെയ്മര്‍ തന്റെ പ്രതിഫലത്തില്‍ 12 മില്യണ്‍ യൂറോയുടെ കുറവ് വരുത്താന്‍ തയാറയതായും സ്പാനിഷ് മാധ്യമമായ ഡിയാറോ സ്പോര്‍ട് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബാഴ്സയില്‍ നിന്ന് 222 മില്യണ്‍ യൂറോയ്ക്ക് പിഎസ്‌ജിയിലേക്ക് പോയ നെയ്മര്‍ക്ക് 36 മില്യണ്‍ യൂറോയായിരുന്നു പ്രതിഫലമായി ലഭിച്ചിരുന്നത്.

ഇത് ബാഴ്സയില്‍ തിരിച്ചെത്തുമ്പോള്‍ 24 മില്യണ്‍ യൂറോ ആയി കുറയ്ക്കാനാണ് താരം സന്നദ്ധനായത്. 2017ല്‍ ബാഴ്സ വിടുമ്പോഴുള്ള നെയ്മറുടെ പ്രതിഫലമാണിത്.  ഇതിനൊപ്പം ബാഴ്സക്കെതിരെ നല്‍കിയിരുന്ന 26 മില്യണ്‍ യൂറോയുടെ ലോയലിറ്റി ബോണസ് കേസും നെയ്മര്‍ ഉപേക്ഷിക്കും. ഇതിന് പുറമെ ബാഴ്സ ആരാധകരോട് ക്ലബ്ബ് വിട്ടതില്‍ പരസ്യമായി മാപ്പു പറയാനും നെയ്മര്‍ തയാറാവുമെന്ന് മറ്റൊരു സ്പാനിഷ് മാധ്യമമായ മണ്ഡോ ഡിപോര്‍ട്ടീവോ റിപ്പോര്‍ട്ട് ചെയ്തു.

നെയ്മറെ സ്വന്തമാക്കാനായി സ്പാനിഷ് ലീഗ് വമ്പന്‍മാരായ റയല്‍ മാഡ്രിഡും ബാഴ്സക്കൊപ്പം ശ്രമം നടത്തിയിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബാഴ്സലോണയില്‍ നിന്ന് റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് 2017ലാണ് നെയ്മര്‍ പാരീസ് സെന്റ് ജര്‍മനിലേക്ക്(പിഎസ്ജി) പോയത്. ബാഴ്സയില്‍ മെസ്സിയുടെയും സുവാരസിന്റെയും നിഴലില്‍ ഒതുങ്ങേണ്ടിവരുന്നുവെന്നതായിരുന്നു നെയ്മറെ കൂടുമാറ്റത്തിന് പ്രേരിപ്പിച്ചത്.

എന്നാല്‍ പി എസ് ജിയില്‍ നെയ്മര്‍ക്ക് വേണ്ടത്ര ശോഭിക്കാനായില്ല. പിന്നാലെ പരിക്കും വിവാദങ്ങളും താരത്തെ തളര്‍ത്തുകയും ചെയ്തു. നെയ്മര്‍ ക്ലബ്ബ് വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തടയില്ലെന്ന് പി എസ് ജി ഉടമകളും വ്യക്തമാക്കിയിരുന്നു. നെയ്മറെ സ്വന്തമാക്കണമെങ്കില്‍ സൂപ്പര്‍ താരങ്ങളില്‍ ചിലരെയെങ്കിലും ബാഴ്സയ്ക്ക് കൈയൊഴിയേണ്ടിവരുമെന്നാണ് സൂചന. 120 മില്യണ്‍ യൂറോക്ക് അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് അന്റോണിയോ ഗ്രീസ്മാനും ബാഴ്സയിലെത്തുമെന്നാണ് സൂചന. 75 മില്യണ്‍ യൂറോ മുടക്കി അയാക്സിന്റെ സൂപ്പര്‍ താരം ഫ്രെങ്കി ഡി ജോംഗിനെ ബാഴ്സ സ്വന്തമാക്കിയിരുന്നു. നെയ്മറെ സ്വന്തമാക്കുകയാമെങ്കില്‍ മറ്റൊരു ബ്രസീല്‍ താരമായ കുടീഞ്ഞോയെ ബാഴ്സ കൈവിടാനാണ് സാധ്യത.