Asianet News MalayalamAsianet News Malayalam

'ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍'; ബ്രസീലിന്റെ ജയത്തിന് പിന്നാലെ കാസമിറോയെ പ്രശംസിച്ച് നെയ്മര്‍

രണ്ടാംപാതിയില്‍ റോഡ്രിഗോ വന്നപ്പോഴാണ് ടീം അല്‍പംകൂടി മെച്ചപ്പെട്ടത്. എന്തായാലും ജയിച്ചുകയറാന്‍ ബ്രസീലിനായി. കൂടെ പ്രീ ക്വാര്‍ട്ടറിലും പ്രവേശിച്ചു. 83-ാം മിനിറ്റില്‍ കാസമിറോ നേടിയ ഗോളാണ് ബ്രസീലിന് ജയമൊരുക്കിയത്.

Neymar applauds Casemiro after stunning performance against Switzerland
Author
First Published Nov 29, 2022, 8:58 AM IST

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ജിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ബ്രസീല്‍ ജയിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ടീമിന്റെ ജയം. എന്നാല്‍ അത്ര ആധികാരികമൊന്നും ആയിരുന്നില്ല ബ്രസീലിന്റെ പ്രകടനം. നെയ്മറിന്റെ അഭാവം മത്സരത്തില്‍ പ്രകടമായിരുന്നു. ആദ്യ മത്സരത്തെ അപേക്ഷിച്ച് ചടുലമായ നീക്കങ്ങളോ മൂര്‍ച്ചയേറിയ ആക്രമണങ്ങളോ ബ്രസീലിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. സെര്‍ബിയക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ പകരക്കാരനാവാന്‍ ആര്‍ക്കുമായില്ലെന്ന് പറയേണ്ടി വരും.

രണ്ടാംപാതിയില്‍ റോഡ്രിഗോ വന്നപ്പോഴാണ് ടീം അല്‍പംകൂടി മെച്ചപ്പെട്ടത്. എന്തായാലും ജയിച്ചുകയറാന്‍ ബ്രസീലിനായി. കൂടെ പ്രീ ക്വാര്‍ട്ടറിലും പ്രവേശിച്ചു. 83-ാം മിനിറ്റില്‍ കാസമിറോ നേടിയ ഗോളാണ് ബ്രസീലിന് ജയമൊരുക്കിയത്. പരിക്കേറ്റ നെയ്മര്‍ ടീമിനൊപ്പം സ്റ്റേഡിയത്തിലേക്ക് പോയിരുന്നില്ല. ഫിസിയോതെറാപ്പി മുറിയില്‍ തുടരാന്‍ ആയിരുന്നു നെയ്മറുടെ തീരുമാനം. എന്നാല്‍ ഗോള്‍ നേടിയ കാസമിറോയെ പ്രകീര്‍ത്തിച്ച് നെയ്മര്‍ രംഗത്തെത്തി. ഏറെ കാലമായി ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍ കാസിമെറോയാണെന്ന് നെയ്മര്‍ ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റ് വായിക്കാം....

1966ന് ശേഷം തുടര്‍ച്ചയായി 14-ാം ലോകകപ്പിലാണ് ബ്രസീല്‍ ഗ്രൂപ്പ് ഘട്ടം അതിജീവിക്കുന്നത്. ആകെ 19 തവണ ബ്രസീല്‍ പ്രീ ക്വാര്‍ട്ടറിലെങ്കിലും എത്തിയിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിനെ ലോകകപ്പില്‍ ബ്രസീല്‍ തോല്‍പ്പിക്കുന്നത് ആദ്യമായാണ്. ഇതിന് മുന്‍പ് ഇരുടീമുകളും നേര്‍ക്കുനേര്‍ വന്ന രണ്ട് തവണയും സമനില ആയിരുന്നു ഫലം. 1950, 2018 വര്‍ഷങ്ങളിലായിരുന്നു ഇത്. ലോകകപ്പിലെ ആദ്യ രണ്ട് മത്സരവും ബ്രസീല്‍ ജയിക്കുന്നത് പത്താം തവണയാണ്.  2010ന് ശേഷം ആദ്യമായും.

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീല്‍ തോല്‍വി അറിയാതെ 17 മത്സരങ്ങളായി. 1998ലെ ലോകകപ്പില്‍ നോര്‍വെക്കെതിരെയായിരുന്നു ഗ്രൂപ്പ് ഘട്ടത്തിലെ ബ്രസീലിന്റെ അവസാന തോല്‍വി. ബ്രസീലിന്റെ ഗോളി അലിസണ്‍ ബെക്കറിന് ഒരു സേവ് പോലും നടത്തേണ്ടിവന്നിട്ടില്ല. ഈ ലോകകപ്പിലെ ആദ്യ 2 മത്സരങ്ങള്‍ കഴിയുമ്പോള്‍ ഒരു ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് പോലും ബ്രസീലിന് നേരേ വന്നിട്ടില്ല. 1998ല്‍ ജേതാക്കളായ ഫ്രാന്‍സ് ടീമാണ് അവസാനം ഈ നേട്ടം സ്വന്തമാക്കിയത്.

ബ്രൂണോ ഉള്ളപ്പോൾ എന്ത് പേടിക്കാൻ! ഉറു​ഗ്വെയുടെ വമ്പിന് കൊമ്പൊടിച്ച് മറുപടി, പോർച്ചു​ഗൽ പ്രീ ക്വാർട്ടറിൽ

Follow Us:
Download App:
  • android
  • ios