കളിക്കളത്തിൽ എതിരാളികളുടെ കടുത്ത ഫൗളുകൾക്ക് ഇരയായ നെയ്മർ, രണ്ടാം പകുതിയിൽ നിയന്ത്രണം നഷ്ടപ്പെട്ട് ഡിയാഗോ ഹെർണാണ്ടസുമായി തർക്കത്തിൽ ഏർപ്പെട്ടതിനാണ് റഫറി മഞ്ഞക്കാർഡ് നൽകിയത്.

സാവോ പോളോ: പരിക്കിനെത്തുടര്‍ന്ന് ദീര്‍ഘനാളായി പുറത്തിരിക്കുന്ന ബ്രസീല്‍ സൂപ്പര്‍ താരം നെയ്മർ ജൂനിയർ വീണ്ടും വിവാദത്തില്‍. റഫറിക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശമാണ് നെയ്മറെ വെട്ടിലാക്കിയത്. ബ്രസീലിയൻ ലീഗിൽ തന്‍റെ ടീമായ സാന്‍റോസും റെമോയും തമ്മിലുള്ള മത്സരത്തിന് ശേഷമായിരുന്നു വിവാദ പരാമര്‍ശം.

Add Asianetnews as a Preferred SourcegooglePreferred

മത്സരത്തിൽ സാന്‍റോസ് 2-0 ന് വിജയിച്ചെങ്കിലും, കളിക്കിടെ തനിക്ക് ലഭിച്ച മഞ്ഞക്കാർഡിൽ നെയ്മർ അതൃപ്തനായിരുന്നു. മത്സരശേഷം നൽകിയ അഭിമുഖത്തിൽ റഫറി സാവിയോ പെരേര സമ്പായോയെ വിമർശിക്കുന്നതിനിടയിലാണ് നെയ്മർ 'ഷിക്കോ' എന്ന വിവാദ പദപ്രയോഗം നടത്തിയത്.

'അയാൾ ഇന്ന് എഴുന്നേറ്റത് 'ഷിക്കോ' പോലെയാണ്, ആ മൂഡിലാണ് അയാൾ കളിക്കളത്തിൽ എത്തിയത്', എന്നായിരുന്നു നെയ്മറുടെ പരിഹാസം. ബ്രസീലിയൻ സംസാരഭാഷയിൽ സ്ത്രീകൾക്ക് ആർത്തവസമയത്തുണ്ടാകുന്ന മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന ഒരു പ്രയോഗമാണ് 'എസ്റ്റാർ ഡി ഷിക്കോ'. റഫറി യുക്തിരഹിതമായി പെരുമാറുന്നത് അയാൾക്ക് ആർത്തവമായതുകൊണ്ടാണെന്ന അർത്ഥത്തിലാണ് നെയ്മർ ഇത് പ്രയോഗിച്ചത്.

Scroll to load tweet…

നെയ്മറുടെ ഈ പരാമർശം വലിയ രീതിയിലുള്ള സ്ത്രീവിരുദ്ധതയാണെന്ന് ആരോപിച്ച് ബ്രസീലിയൻ മാധ്യമപ്രവർത്തക മരിയാന പെരേര ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. "ആർത്തവം എന്നത് സ്വാഭാവികമായ ഒരു ജൈവ പ്രക്രിയയാണ്. അതിനെ കളിയാക്കുന്നതും മോശം മാനസികാവസ്ഥയുമായി ബന്ധിപ്പിക്കുന്നതും അങ്ങേയറ്റം വിവേചനപരമാണ്," മരിയാന പറഞ്ഞു. സോഷ്യൽ മീഡിയയിലും നെയ്മർക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

കളിക്കളത്തിൽ എതിരാളികളുടെ കടുത്ത ഫൗളുകൾക്ക് ഇരയായ നെയ്മർ, രണ്ടാം പകുതിയിൽ നിയന്ത്രണം നഷ്ടപ്പെട്ട് ഡിയാഗോ ഹെർണാണ്ടസുമായി തർക്കത്തിൽ ഏർപ്പെട്ടതിനാണ് റഫറി മഞ്ഞക്കാർഡ് നൽകിയത്. ഈ മഞ്ഞക്കാർഡ് കാരണം ഞായറാഴ്ച ഫ്ലെമെംഗോയ്‌ക്കെതിരെ നടക്കുന്ന നിർണായക മത്സരത്തിൽ നെയ്മർക്ക് കളിക്കാൻ കഴിയില്ല.

നിലവിൽ 34 വയസ്സുകാരനായ നെയ്മർ സൗദി ക്ലബ്ബായ അൽ ഹിലാൽ വിട്ട് തന്‍റെ പഴയ ക്ലബ്ബായ സാന്‍റോസിലേക്ക് തിരിച്ചെത്തി മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാൽ അടിക്കടിയുണ്ടാകുന്ന കളിക്കളത്തിന് പുറത്തെ ഇത്തരം വിവാദങ്ങൾ താരത്തിന്‍റെ കരിയറിന് വീണ്ടും നിഴൽ വീഴ്ത്തുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക