പാരീസ്: ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ഇഞ്ചുറി ടൈമിലെ പെനല്‍റ്റിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് പിഎസ്‌ജി തോറ്റ് പുറത്തായതിന് പിന്നാലെ വീഡിയോ അസിസ്റ്റ് റഫറി(വാര്‍) സംവിധാനത്തിനെതിരെ ആഞ്ഞടിച്ച് പിഎസ്‌ജി താരം നെയ്മര്‍. ഇഞ്ചുറി ടൈമില്‍ യുനൈറ്റഡിന് അനുകൂലമായി പെനല്‍റ്റി അനുവദിക്കാനുള്ള തീരുമാനം നാണക്കേടാണെന്ന് ഗ്യാലറിയിലിരുന്ന് മത്സരം കണ്ട നെയ്മര്‍ പറഞ്ഞു.

നാലുപേരെ അവര്‍ അവിടെ നിര്‍ത്തിയിട്ടുണ്ട്. സ്ലോ മോഷന്‍ വീഡിയോ കണ്ടിട്ടും അവര്‍ക്ക് കാര്യം മനസിലായില്ലെന്നത് വിശ്വസിക്കാനാവുന്നില്ല. എങ്ങനെയാണ് ഒരു കളിക്കാരന് എപ്പോഴും തന്റെ കൈകള്‍ പിന്നില്‍ കെട്ടിവെയ്ക്കാനാകുകയെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നെയ്മര്‍ ചോദിച്ചു. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായ നെയ്മര്‍ പിഎസ്‌ജിക്കായി കളിക്കാനിറങ്ങിയിരുന്നില്ല.

പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ യുനൈറ്റഡിനെതിരെ പിഎസ്‌ജി 2-0 ന്റെ ആധികാരിക ജയം നേടിയിരുന്നു. രണ്ടാം പാദത്തില്‍ ഇഞ്ചുറി ടൈം വരെ മാഞ്ചസ്റ്റര്‍ 2-1ന് മുന്നിലായിരുന്നെങ്കിലും അപ്പോഴും എവേ ഗോളിന്റെ ആനുകൂല്യം പി എസ് ജിക്കായിരുന്നു. എന്നാല്‍ ഇഞ്ചുറി ടൈമില്‍ വാറിലൂടെ മാഞ്ചസ്റ്ററിന് അനുവദിച്ച പെനല്‍റ്റി കിക്ക് പി എസ് ജിയുടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ തകര്‍ത്തു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് പി എസ് ജി ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലെത്താതെ പുറത്താവുന്നത്.