പാരീസ്: തനിക്കെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ച യുവതിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റും സ്വകാര്യ ചിത്രങ്ങളും പുറത്ത് വിട്ട് ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മര്‍. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് യുവതിക്കെതിരെ നെയ്മര്‍ രംഗത്ത് വന്നത്.

തന്‍റെ ഭാഗത്ത് നിന്നുള്ള വിശദീകരണമാണ് നെയ്മര്‍ നല്‍കിയിരിക്കുന്നത്. നാല് ചുമരുകള്‍ക്കുള്ളില്‍ ഒരു സ്ത്രീയും പുരുഷനും തമ്മില്‍ നടക്കുന്നതെന്താണോ അത് മാത്രമേ അന്നും നടന്നിട്ടുള്ളൂ. കാമുകനും കാമുകിക്കും ഇടയില്‍ നടക്കുന്നതാണ് അത്. അതിന്‍റെ അടുത്ത ദിവസം പ്രത്യേകമായി ഒന്നും സംഭവിച്ചില്ല.

ചാറ്റ് ചെയ്യുന്നത് തുടരുകയായിരുന്നുവെന്നും നെയ്മര്‍ വ്യക്തമാക്കി. തനിക്കെതിരെ ഒരു ബലാത്സംഗ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. തന്നെ ശരിക്കും ബാധിക്കുന്ന ശക്തമായ ആരോപണമാണ് അത്. അവരുടെ ആരോപണം ശരിക്കും അത്ഭുതപ്പെടുത്തി. എല്ലാം അവരുടെ സമ്മതപ്രകാരമാണ് നടന്നത്.

എന്നാല്‍ ഇപ്പോള്‍ ഏറെ സങ്കടപ്പെടുത്തുന്നു, തന്നെ അറിയുന്നവര്‍ക്ക് ഇങ്ങനെയൊന്നും താന്‍ ചെയ്യില്ലെന്ന് ഉറപ്പാണ്. കെണിയില്‍ വീണു പോവുകയായിരുന്നുവെന്നും നെയ്മര്‍ പറഞ്ഞു. ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മര്‍ പാരിസിലെ ഹോട്ടലില്‍ വെച്ച് ബലാല്‍സംഗം ചെയ്തതായാണ് യുവതിയുടെ പരാതി.

ഇന്‍സ്റ്റഗ്രാമിലൂടെയുള്ള സന്ദേശങ്ങള്‍ വഴിയാണ് നെയ്‌മറെ കണ്ടുമുട്ടിയതെന്നാണ് യുവതിയുടെ അവകാശവാദം. 'നെയ്‌മറുടെ പ്രതിനിധിയായ ഗാലോ ബ്രസീലില്‍ നിന്ന് പാരിസിലേക്ക് തനിക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. പാരിസിലെ ഒരു ഹോട്ടലില്‍ തനിക്കായി റൂം ബുക്ക് ചെയ്തു. മദ്യപിച്ചാണ് നെയ്മര്‍ അവിടെയെത്തിയത്. അവിടെ വെച്ച് നെയ്‌മര്‍ പീഡിപ്പിക്കുകയായിരുന്നു' എന്നും യുവതി പൊലിസിനോട് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.