പാരീസ്: ബാഴ്സലോണ സൂപ്പര്‍ താരം ലിയോണല്‍ മെസിക്കൊപ്പം കളിക്കാന്‍ ആഗ്രഹമെന്ന് നെയ്മര്‍. ഇതോടെ അടുത്ത താരക്കൈമാറ്റം നിര്‍ണായകമായി. യുവേഫ ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസറ്റര്‍ യുണൈറ്റഡിനെതിരെ ഇരട്ടഗോളിലൂടെ പിഎസ്ജിക്ക് ജയം സമ്മാനിച്ചതിന് പിന്നാലെയാണ് നെയ്മര്‍ മനസ്സു തുറന്നത്.

ലിയോണല്‍ മെസിക്കൊപ്പം വീണ്ടും കളിക്കണമെന്നാണ് ആഗ്രഹം. കളിക്കളത്തിലെ മികവ് ഒന്നിച്ച്ആസ്വദിക്കുന്നത് അടുത്ത വര്‍ഷം തന്നെ സാധ്യമാകണം. എന്‍റെ സ്ഥാനം മെസിക്കായി വിട്ടുകൊടുക്കാനും ഒരുക്കമാണ്- ഇഎസ്‌പിഎന്‍ ചാനലിന് നല്‍കിയ അഭിനുഖത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍താരം പറഞ്ഞു.

2013 മുതല്‍ 2017 വരെ മെസിക്കൊപ്പം ബാഴ്സലോണയില്‍ കളിച്ച നെയ്മര്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. സുവാരസ് കൂടി ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ എംഎസ്എന്‍ ത്രയം ലോകഫുട്ബോളിനെ വിറപ്പിക്കുന്ന കൂട്ടുകെട്ടായി മാറി.

നെയ്മറുടെ പിഎസ്ജിയിലേക്ക് മെസി പോകുമോ അതോ ബാഴ്സയിലേക്ക് നെയ്മര്‍ തിരിച്ചെത്തുമോ എന്നതാണ് ആരാധകര്‍ക്കിടയിലെ ചോദ്യം. ജനുവരി മുതൽ മറ്റു ക്ലബ്ബുകളുമായി ആശയവിനിമയത്തിന് അവകാശം ഉള്ള മെസി, മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകുമെന്നാണ് പൊതുവേ ഉള്ള വിശ്വാസം. എന്നാൽ ഉറ്റസുഹൃത്തായ നെയ്മറുടെ ക്ഷണം സ്വീകരിച്ച് പാരിസിലേക്കുള്ള കൂടുമാറ്റവും തള്ളിക്കളയേണ്ടതില്ല.

പിഎസ്ജി പരിശീലകന്‍ തോമസ് ടച്ചലും ബാഴ്സ സൂപ്പര്‍താരത്തെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്തിരുന്നു. അതേസമയം മെസിയെ നൗകാമ്പില്‍ നിലനിര്‍ത്താമെന്ന് പ്രതീക്ഷിക്കുന്ന ബാഴ്സലോണ , ജനുവരി 24ന് പുതിയ പ്രസിഡന്‍റ് ചുമതലയേറ്റശേഷം സൂപ്പര്‍താരവുമായി ചര്‍ച്ച നടത്തിയേക്കും.