Asianet News MalayalamAsianet News Malayalam

മെസി ലിവര്‍പൂളിലെത്തുമോ?; മറുപടിയുമായി ക്ലോപ്പ്

ഫ്രഞ്ച് പത്രമായ എല്‍ക്വിപ്പെ ഈ വര്‍ഷമാദ്യം പുറത്തുവിട്ട പഠനപ്രകാരം ഒരുമാസം  8.2 മില്യണ്‍ യൂറോ ആണ് ബാഴ്സയില്‍ നിന്ന് മെസി പ്രതിഫലമായി കൈപ്പറ്റുന്നത്. യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് 4.5 മില്യണ്‍ യൂറോയും പിഎസ്‌ജിയുടെ നെയ്മറിന് മൂന്ന് മില്യണ്‍ യൂറോയുമാണ് ഒരു മാസം പ്രതിഫലമായി ലഭിക്കുന്നത്.

No chance of Liverpool signing Lionel Messi from Barcelona Jurgen Klopp
Author
Liverpool, First Published Aug 28, 2020, 8:16 PM IST

ലിവര്‍പൂള്‍: ലിയോണല്‍ മെസി ബാഴ്സലോണ വിട്ടാല്‍ ഏത് ക്ലബ്ബില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇനിയും അവസാനമായിട്ടില്ല. മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാണ് മെസി പോകുന്നതെന്ന വാര്‍ത്തകള്‍ക്കാണ് കൂടുതല്‍ ആധികാരികതയെങ്കിലും ഇന്റര്‍മിലാനും പിഎസ്‌ജിയുമെല്ലാം മെസിയെ സ്വന്തമാക്കാനുള്ള മത്സരത്തിലുണ്ട്. എന്നാല്‍ മെസി ലിവര്‍പൂളിലെത്തുമോ എന്ന ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ലിവര്‍പൂള്‍ പരിശീലകന്‍ ജുര്‍ഗന്‍ ക്ലോപ്പ്.

മെസിയെ സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ വലിയ തുക വേണ്ടിവരുമെന്നതിനാല്‍ അതിനുള്ള സാധ്യത വിദൂരമാണെന്ന് ക്ലോപ്പ് പറഞ്ഞു. മെസിയെ ആന്‍ഫീല്‍ഡിലെത്തിക്കാന്‍ താല്‍പര്യമുണ്ടോ എന്ന ചോദ്യത്തിന് താല്‍പര്യമോ, ആര്‍ക്കാണ് മെസിയെ ടീമിലെടുക്കാന്‍ താല്‍പര്യമില്ലാത്തത് എന്നായിരുന്നു ക്ലോപ്പിന്റെ മറുപടി. പക്ഷെ, അതിനൊരു സാധ്യതയുമില്ല, കാരണം മെസിക്കുവേണ്ടി മുടക്കേണ്ട തുകയുടെ വലിപ്പം തന്നെയാണെന്നും ക്ലോപ്പ് പറഞ്ഞു. ശനിയാഴ്ച എഫ് എ കപ്പ് ജേതാക്കളായ ആഴ്സണലിനെതിരെ നടക്കുന്ന കമ്യൂണിറ്റി ഷീല്‍ഡ് മത്സരത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ക്ലോപ്പ്.

മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയാല്‍ അവരെ തോല്‍പ്പിക്കുക കൂടുതല്‍ കടുപ്പമാകുമെന്ന് ക്ലോപ്പ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ പ്രീമിയര്‍ ലീഗിലെത്തുന്നത് മഹത്തായ കാര്യമാണ്. കാരണം പ്രീമിയര്‍ ലീഗിനും അത് വലിയതോതില്‍ ഗുണകരമാകും. സ്പാനിഷ് ലീഗിലില്ലാതെ മറ്റൊരു ലീഗിലും മെസി കളിച്ചിട്ടില്ലാത്തതിനാല്‍ അദ്ദേഹം പ്രീമിയര്‍ ലീഗിലെത്തിയാല്‍ അത് കൗതുകകരമായിരിക്കും. അത് കാണണമെന്നുണ്ട്, പക്ഷെ നടക്കുമോ എന്നറിയില്ല-ക്ലോപ്പ് പറഞ്ഞു.

ഫ്രഞ്ച് പത്രമായ എല്‍ക്വിപ്പെ ഈ വര്‍ഷമാദ്യം പുറത്തുവിട്ട പഠനപ്രകാരം ഒരുമാസം  8.2 മില്യണ്‍ യൂറോ ആണ് ബാഴ്സയില്‍ നിന്ന് മെസി പ്രതിഫലമായി കൈപ്പറ്റുന്നത്. യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് 4.5 മില്യണ്‍ യൂറോയും പിഎസ്‌ജിയുടെ നെയ്മറിന് മൂന്ന് മില്യണ്‍ യൂറോയുമാണ് ഒരു മാസം പ്രതിഫലമായി ലഭിക്കുന്നത്.

ഈ വര്‍ഷമാദ്യം തന്നെ ബാഴ്സലോണ ക്ലബ്ബ് മാനേജ്മെന്റിന്റെ നടപടികളില്‍ മെസി അതൃപ്തി അറിയിച്ചിരുന്നു. മാനേജ്മെന്റിലും ടീമിലും അടിമുടി മാറ്റം വേണമെന്നും മെസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാന്‍ ക്ലബ്ബ് മാനേജ്മെന്റ് തയാറായില്ല. ഒടുവില്‍ സ്പാനിഷ് ലാ ലിഗ കിരീടം റയലിന് മുന്നില്‍ അടിയറവെക്കുകയും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണിനോട് 8-2ന്റെ നാണംകെട്ട തോല്‍വി വഴങ്ങുകയും ചെയ്തതിന് പിന്നാലെ കോച്ച് ക്വിക്കെ സെറ്റിയനെയും സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ എറിക് ആബിദാലിനെയും ബാഴ്സ മാനേജ്മെന്റ് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ലബ്ബ് വിടാനുള്ള താല്‍പര്യം അഭിഭാഷകര്‍ മുഖേന ടീം മാനേജ്മെന്റിനെ അറിയിച്ച് മെസി ആരാധകരെ ഞെട്ടിച്ചത്.

Follow Us:
Download App:
  • android
  • ios