മാഡ്രിഡ്: കാവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് സ്പാനിഷ് ലീഗ് നിര്‍ത്തിവച്ചതോടെ ലാ ലിഗ ക്ലബ്ബുകള്‍ സാമ്പത്തിക പ്രതിസന്ധിയിലെന്ന് സൂചന. വമ്പന്മാരായ ബാഴ്‌സലോണയെയും പ്രതിസന്ധി ബാധിക്കുന്നുവെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. കടുത്ത സാമ്പത്തിക നഷ്ടം നേരിടുന്നതായും, താരങ്ങളുടെ വേതനം വെട്ടിച്ചുരുക്കേണ്ടി വന്നേക്കുമെന്നും ടീമിനെ ക്ലബ്ബ് അധികൃതര്‍ അറിയിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്ലബ്ബിന്റെ തീരുമാനത്തോട് യോജിക്കുമെന്ന് മുന്‍നിര താരങ്ങള്‍ വ്യക്തമാക്കിയതായും സൂചനയുണ്ട്.

മത്സരങ്ങള്‍ പുനരാംരംഭിക്കുമ്പോള്‍ താരങ്ങള്‍ക്കും പരിശീലകര്‍ക്കും മുന്‍നിശ്ചയിച്ച പ്രതിഫലം നല്‍കും. ഗ്ലോബല്‍ സ്‌പോര്‍ട്‌സ് സാലറി സര്‍വേയുടെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ ശരാശരി പ്രതിഫലം നല്‍കുന്ന ക്ലബ്ബാഴ്‌സലോണയാണ്. മറ്റ് ക്ലബുകളും ബാഴ്‌സയുടെ പാത പിന്തുടര്‍ന്ന് താരങ്ങളുടെ പ്രതിഫലം കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് നിശ്ചലമാണ് കളിക്കളം. ചാംപ്യന്‍സ് ലീഗ്, ലാ ലിഗ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സിരി എ എന്നിവയെല്ലാംനിര്‍ത്തിവച്ചിരിക്കുകയാണ്. വിവിധ ലീഗുകള്‍ പുനരാരംഭിക്കുന്നതും സീസണ്‍ ഉപേക്ഷിച്ചാല്‍ ആര്‍ക്ക് കിരീടം നല്‍കുമെന്നതും അനിശ്ചിതത്വത്തിലാണ്. കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.