ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ തോല്‍വി. റാഫേല്‍ ക്രിവെല്ലാരോ, നെരിജസ് വാസ്‌കിസ് എന്നിവരാണ് ചെന്നൈയിന്റെ ഗോളുകള്‍ നേടിയത്. ഇതോടെ ചെന്നൈയിന്‍ എഫ്‌സി 12 മത്സരങ്ങളില്‍ 15 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് കയറി. 

ചെന്നൈയിന്‍ എഫ്‌സിയുടെ ഹോംഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. ക്രിവെല്ലാരോയുടെ തകലര്‍പ്പന്‍ ലോങ് റേഞ്ചാണ് ചെന്നൈയിന് ലീഡ് സമ്മാനിച്ചത്. 58ാം ഇടത് പാര്‍ശ്വത്തില്‍ നിന്ന് ക്രിവെല്ലാരോ തൊടുത്ത ഷോട്ട് സ്ഥാനം തെറ്റി നില്‍ക്കുകയായിരുന്ന ഗോള്‍ കീപ്പര്‍ സുഭൈഷിനെ മറികടന്ന് ഗോള്‍വര കടന്നു. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം ചെന്നൈയിന്‍ ലീഡുയര്‍ത്തി. ബോക്‌സിന് പുറത്തുനിന്നുള്ള വാസ്‌കിസിന്റെ ഷോട്ടാണ് ചെന്നൈയിന് ലീഡ് സമ്മാനിച്ചത്.

11 മത്സരങ്ങളില്‍ 11 പോയിന്റ് മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് ഒമ്പതാം സ്ഥാനത്താണ്. നാളെ മുംബൈ സിറ്റി സ്വന്തം ഗ്രൗണ്ടില്‍ ബംഗളൂരു എഫ്‌സിയെ നേരിടും.