ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആദ്യ സെമിയുടെ ആദ്യപാദ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് വിജയം. ബംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റ് തോല്‍പ്പിച്ചത്. റെഡീം ലാങ്, യുവന്‍ ക്രൂസ് മസിയ എന്നിവരാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ നേടിയത്.

ഗോഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആദ്യ സെമിയുടെ ആദ്യപാദ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് വിജയം. ബംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റ് തോല്‍പ്പിച്ചത്. റെഡീം ലാങ്, യുവന്‍ ക്രൂസ് മസിയ എന്നിവരാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ നേടിയത്. ഇസ്‌കോ ഹെര്‍ണാണ്ടസിന്റെ വകയായിരുന്നു ബംഗളൂരുവിന്റെ ഗോള്‍. തോറ്റെങ്കിലും എവേ ഗ്രൗണ്ടില്‍ ഒരു ഗോള്‍ നേടിയത് ബംഗളൂരുവിന് ഗുണം ചെയ്യും.

20 മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. ഒഗ്‌ബെഷെയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ലാങ്ങിന്റെ ഗോള്‍. ഒരു ഗോള്‍ ലീഡോടെ ആദ്യപകുതി അവസാനിച്ചു. രണ്ട് തവണ ഗോള്‍ ലക്ഷ്യമാക്കി ബംഗളൂരു ഷോട്ടുതിര്‍ത്തെങ്കിലും വല കുലുക്കാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിലും ഗോളൊന്നും വീണില്ല. 

എന്നാല്‍ 82ാം മിനിറ്റില്‍ ബംഗളൂരു ഒപ്പമെത്തി. സുനില്‍ ഛേത്രിയുടെ അസിസ്റ്റില്‍ ഹെര്‍ണാണ്ടസ് വലകുലുക്കി. പകരക്കാരനായിട്ടാണ് ഹെര്‍ണാണ്ടസ് ഇറങ്ങിയിരുന്നത്. എന്നാല്‍ ഇഞ്ചുറി സമയത്ത് ലഭിച്ച പെനാല്‍റ്റി ഗോളാക്കി മസിയ നോര്‍ത്ത് ഈസ്റ്റിനെ വിജയത്തിലേക്ക് നയിച്ചു. രണ്ടാംപാദ സെമി തിങ്കളാഴ്ച ബംഗളൂരുവിന്റെ ഗ്രൗണ്ടില്‍ നടക്കും.