ബാഴ്‌സലോണ: സീസണില്‍ ഒന്നാതെ ബാഴ്‌സലോണ നടത്തിയ പ്രകടനത്തില്‍ അതൃപ്തി പ്രകടമാക്കി ലിയോണല്‍ മെസി. ലാ ലിഗ കിരീടം നഷ്ടമായതിന് പിന്നാലെയാണ് മെസിയുടെ തുറന്നുപറച്ചില്‍. ആര്‍ക്കും തോല്‍പ്പിക്കാനാവുന്ന ടീമായി ബാഴ്‌സ മാറിയെന്ന് മെസി കുറ്റപ്പെടുത്തി. ഒസാസുനയുമായുള്ള മത്സരത്തിന് ശേഷം ഒരു സ്പാനിഷ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ബാഴ്‌സ ക്യാപ്റ്റന്‍.

ലീഗില്‍ പ്രധാന എതിരാളികളെ വിജയത്തിലെത്തിക്കാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ചത് ബാഴ്‌സലോണയാണെന്നാണ് മെസി പറയുന്നത്. അര്‍ജന്റൈന്‍ താരത്തിന്റെ വാക്കുകള്‍... ''ഏതൊരു ടീമിനും തോല്‍ക്കാവുന്ന ടീമായി മാറിയിരിക്കുന്നു ബാഴ്‌സലോണ. അത്രത്തോളം മോശം പ്രകടനമാണ് ടീം പുറത്തെടുക്കുന്നത്. ഇതാണ് പ്രകടനമെങ്കില്‍ ചാംപ്യന്‍സ് ലീഗില്‍ നാപോളിയോട് തോറ്റ് ബാഴ്‌സ പുറത്താവും. മുമ്പും ഞാന്‍ ക്ലബിലെ പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. 

അപ്പോഴൊന്നും ഒരു നടപടിയും സ്വീകരിച്ചില്ല. ഓരോ താരവും ക്ലബും സ്വയം വിമര്‍ശിക്കുകയും ആത്മപരിശോധന നടത്തുകയും വേണം. ഡിസംബറിന് ശേഷം ബാഴ്‌സലോണയില്‍ നല്ലകാര്യങ്ങളൊന്നും നടന്നിട്ടില്ല. ടീം ജയിക്കണമെന്ന മനോഭാവത്തോടെയല്ല കളിക്കുന്നത്. ഇങ്ങനെ കളിച്ചാല്‍ ടീം എവിടെയുമെത്തില്ലെന്ന് ഞാന്‍ നേരത്തെയും പറഞ്ഞിട്ടിട്ടുണ്ട്.'' മെസി പറഞ്ഞു. 

ചാംപ്യന്‍സ് ലീഗില്‍ നാപോളിയെയാണ് ബാഴ്‌സയ്ക്ക് അടുത്തതായി നേരിടാനുള്ളത്. എന്നാല്‍ ഒരുപാട് മെച്ചപ്പെട്ടെങ്കില്‍ ടീമിന് ഒരിക്കല്‍ പോലും മുന്നേറാന്‍ സാധിക്കില്ലെന്ന് മെസി വ്യക്തമാക്കി.