ബാഴ്സയുടെ കോച്ചാവാനുള്ള പരിചയം ആയിട്ടില്ല എന്നായിരുന്നു സാവിയുടെ നിലപാട്. എന്നാൽ വൈകാതെ താൻ പരിശീലകനായി ബാഴ്സയിൽ തിരികെ എത്തുമെന്ന സൂചനാണ് ഇപ്പോൾ സാവി നൽകുന്നത്.

ദോഹ: ബാഴ്സലോണയുടെ പരിശീലകനാവുമെന്ന് ആവർത്തിച്ച് മുൻതാരം സാവി ഹെർണാണ്ടസ്. നിലവിൽ ഖത്തർ ക്ലബ് അൽ സാദിന്‍റെ പരിശീലകനാണ് ബാഴ്സലോണയുടെ ഇതിഹാസ താരമായ സാവി. നേരത്തേ, ഏണസ്റ്റോ വെൽവെർദേയെ പുറത്താക്കിയപ്പോഴും ക്വിക്കെ സെറ്റിയനെ പുറത്താക്കിയപ്പോഴും പരിശീലകനാവാൻ ബാഴ്സ പരിഗണിച്ചെങ്കിലും സാവി നിരസിക്കുകയായിരുന്നു.

ബാഴ്സയുടെ കോച്ചാവാനുള്ള പരിചയം ആയിട്ടില്ല എന്നായിരുന്നു സാവിയുടെ നിലപാട്. എന്നാൽ വൈകാതെ താൻ പരിശീലകനായി ബാഴ്സയിൽ തിരികെ എത്തുമെന്ന സൂചനാണ് ഇപ്പോൾ സാവി നൽകുന്നത്. താൻ ബാഴ്സ കോച്ചാവുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. തനിക്കും ഈ ആഗ്രഹമുണ്ട്. പുതിയ പ്രസിഡന്‍റായി ആര് തിരഞ്ഞെടുക്കപ്പെടുമെന്ന് നോക്കാം-സാവി പറഞ്ഞു.

നിലവിലെ പരിശീലകൻ റൊണാൾഡ് കൂമാനും ടീമും പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അവർക്ക് എല്ലാം ആശംസകളും നേരുന്നു. കൂമാനെ മാറ്റി പകരം പരിശീലകനാവുക എന്നത് തന്‍റെ ചിന്തയിലില്ലെന്നും സാവി പറഞ്ഞു. ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണ പിഎസ്ജിയോട് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോറ്റതിന് പിന്നാലെ നിലവിലെ പരിശീലകന്‍ റൊണാള്‍ഡ് കൂമാനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സാവിയുടെ പ്രതികരണം.