ഇന്ത്യക്കെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിലെ സമനിലയ്ക്ക് പിന്നാലെ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനെ വിമർശിച്ച് പനാമ പരിശീലകൻ തോമസ് ക്രിസ്റ്റ്യൻസെൻ. സ്റ്റേഡിയത്തിലെത്താൻ മണിക്കൂറുകൾ ട്രാഫിക്കിൽ കുടുങ്ങിയത് ടീമിന്റെ പ്രകടനത്തെ ബാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരു: ഇന്ത്യക്കെതിരായ അന്താരാഷ്ട്ര സൗഹൃദമത്സരം 1-1 എന്ന നിലയില്‍ സമനിലയില്‍ കലാശിച്ചതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി പനാമ പരിശീലകന്‍ തോമസ് ക്രിസ്റ്റ്യന്‍സെന്‍ രംഗത്ത്. മത്സരത്തിന് മുന്നേയുള്ള മോശം യാത്രാസൗകര്യങ്ങളും മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കുമാണ് ടീമിന്റെ പ്രകടനത്തെ ബാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സമനിലയുടെ പൂര്‍ണ ഉത്തരവാദിത്തം താനിക്കാണെന്നും തോമസ് ക്രിസ്റ്റ്യന്‍സെന്‍ വ്യക്തമാക്കി.

യുവതാരങ്ങള്‍ക്ക് അവസരം നല്‍കിക്കൊണ്ട് ഒരു പുതിയ തലമുറ മാറ്റത്തിനാണ് പനാമ തുടക്കമിട്ടിരിക്കുന്നത്. ടീമില്‍ അഞ്ച് പുതിയ താരങ്ങളാണ് ഇന്ത്യക്കെതിരെ അരങ്ങേറ്റം കുറിച്ചത്. 'ഒരു ജനറേഷനല്‍ മാറ്റം ഒരിക്കലും എളുപ്പമല്ല. ഇന്ന് അഞ്ച് താരങ്ങള്‍ ആദ്യമായി ആദ്യ ഇലവനില്‍ കളിച്ചു. മത്സരഫലത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം എന്റേതാണ്. യാത്രയും ലോജിസ്റ്റിക് പ്രശ്‌നങ്ങളും കാരണം ഞങ്ങള്‍ക്ക് പരിശീലിക്കാന്‍ ആവശ്യത്തിന് സമയം ലഭിച്ചില്ല.' ക്രിസ്റ്റ്യന്‍സെന്‍ മത്സരശേഷം പറഞ്ഞു.

ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിനെക്കുറിച്ചും അദ്ദേഹം കടുത്ത അതൃപ്തി രേഖപ്പെടുത്തി. സ്റ്റേഡിയത്തിലേക്ക് എത്തുവാന്‍ മാത്രം ബസില്‍ രണ്ട് മണിക്കൂറിലധികം സമയം ചിലവഴിക്കേണ്ടി വന്നു. 'ഇത് ഒഴിവുകഴിവായി പറയുന്നതാണെന്ന് കരുതരുത്, എന്നാല്‍ സ്റ്റേഡിയത്തിലെത്താന്‍ ട്രാഫിക്കില്‍ രണ്ട് മണിക്കൂര്‍ ബസില്‍ ഇരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഇത്തരം കാര്യങ്ങളില്‍ ഞങ്ങള്‍ ഇനിയെങ്കിലും കൂടുതല്‍ ശ്രദ്ധാലുക്കളാകേണ്ടതുണ്ട്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ ഇന്ത്യയുടെ പ്രകടനത്തെയും പരിശീലകന്‍ അഭിനന്ദിച്ചു. പനാമ താരങ്ങള്‍ക്ക് ലഭിച്ച മുന്‍ ലോകകപ്പ് പരിചയസമ്പത്ത് മത്സരത്തില്‍ പ്രയോജനപ്പെട്ടെങ്കിലും, ഇന്ത്യന്‍ ടീം മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. 41-ാം മിനിറ്റില്‍ റയാന്‍ വില്യംസിലൂടെ ഇന്ത്യയാണ് മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത്. തുടര്‍ന്ന് 68-ാം മിനിറ്റില്‍ ഒമര്‍ ജാവിയര്‍ വലെന്‍സിയയിലൂടെ പനാമ സമനില പിടിക്കുകയായിരുന്നു.

ഈ ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി പനാമ ഇനി ഒക്ടോബര്‍ 1-ന് യോക്കോഹാമയില്‍ ന്യുസിലന്‍ഡിനെതിരെ കളിക്കും. മറുവശത്ത്, ഇന്ത്യന്‍ ടീം ഒക്ടോബര്‍ 3-ന് ബ്രസീലിനെയും ഒക്ടോബര്‍ 6-ന് ഉറുഗ്വെയെയും കൊല്‍ക്കത്തയില്‍ നേരിടാന്‍ ഒരുങ്ങുകയാണ്.

YouTube video player