ബാഴ്‌സലോണ: ലിയോണല്‍ മെസിയുടെ ക്ലബ് മാറ്റത്തെ കുറിച്ചാണ് ഫുട്‌ബോള്‍ ലോകത്തെ സംസാരം. താരം ബാഴ്‌സ വിടുകയാണെന്ന് ക്ലബിനെ അറിയിച്ചുകഴിഞ്ഞു. എന്നാല്‍ എങ്ങോട്ടാണ് പോകുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പോവാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീം മാഞ്ചസ്റ്റര്‍ സിറ്റിയാണ്. മെസി സിറ്റിയുടെ പരിശീലകന്‍ പെപ് ഗാര്‍ഡിയോളയുമായി സംസാരിച്ചുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കൂടാതെ മെസിയുടെ അച്ഛനും സിറ്റി അധികൃതരുമായി സംസാരിച്ചുവെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ബാഴ്‌സയിലെത്തുന്നതിന് മുമ്പ് മെസി സ്വന്തം നാടായ റൊസാരിയോയിലെ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരുന്നത്. ആറാം വയസില്‍ റൊസാരിയോയിലെത്തിയ മെസി പിന്നീട് ആറ് വര്‍ഷം അവിടെ കളിച്ചശേഷമാണ് ബാഴ്‌ലോണയിലേക്ക് പോയത്. മെസിക്ക് വേണ്ടി സിറ്റിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഇന്റര്‍ മിലാനും പിഎസ്ജിയും മെസിക്ക് പിന്നാലെ പോവുമ്പോള്‍ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സും വെറുതെയിരിക്കുന്നില്ല. മെസി തന്റെ പഴയ ക്ലബിലേക്ക് തിരിച്ചെത്തണമെന്നാണ് ക്ലബ് ആരാധകരുടെ ആവശ്യം. 

ഇപ്പോള്‍ 20 വര്‍ഷത്തോളം നീണ്ട ബാഴ്‌സ ബന്ധം മെസി അവസാനിപ്പിക്കുകയാണെങ്കില്‍ ന്യൂവെല്‍സിലേക്ക് താരം തിരിച്ചെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം റൊസാരിയോയുടെ തെരുവുകളില്‍ ന്യൂവെല്‍സ് ആരാധകര്‍ മെസിയുടെ തിരിച്ചുവരവിനായി തെരുവിലിറങ്ങി. ചുവപ്പു കുറപ്പു ഇടകലര്‍ന്ന ക്ലബ് ജേഴ്‌സിയും കൊടിയുമായി തെരുലില്‍ തടിച്ചുകൂടിയ ആരാധകര്‍ക്കെല്ലാം ആഗ്രഹം മെസി തിരിച്ചുവരണം എന്ന് മാത്രം. ''നിങ്ങളുടെ സ്വപ്നം, ഞങ്ങളുടെ ആഗ്രഹം' എന്നായിരുന്നു ആരോധകരുടെ മുദ്രാവാക്യം. 

33 വയസ് പ്രായമുള്ളപ്പോള്‍ ഇതിഹാസം ഡീഗോ മറഡോണ സ്പാനിഷ് ക്ലബ് സെവിയ്യ വിട്ട് ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സുമായി കരാറിലെത്തിയിരുന്നു. ഇപ്പോള്‍ 33-ാം വയസില്‍ മെസിയും അതേ പാത പിന്തുടരുമെന്നാണ് ആരാധകപ്രതീഷ.