ഫിഫ ലോകകപ്പിൽ സെനഗലിനെതിരെ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതോടെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ പുതിയ റെക്കോർഡ് കുറിച്ചു. 

ന്യൂജേഴ്സി: ഫിഫ ലോകകപ്പിൽ ഗോള്‍വേട്ടയില്‍ പുതിയ റെക്കോർഡിട്ട് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ. സെനഗലിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ നേടിയ ഇരട്ട ഗോളുകളോടെ ലോകകപ്പ് ഗോൾവേട്ടയിൽ ബ്രസീൽ ഇതിഹാസം പെലെ, അർജന്‍റീനിയൻ നായകൻ ലിയോണൽ മെസി എന്നിവരെ എംബാപ്പെ മറികടന്നു. ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് സെനഗലിനെ തോല്‍പിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മത്സരത്തിന്‍റെ 66-ാം മിനിറ്റിൽ മൈക്കൽ ഒലീസെയുടെ പാസിൽ നിന്ന് സെനഗൽ ഗോൾകീപ്പർ എഡ്വേർഡ് മെൻഡിയെ കീഴടക്കി എംബാപ്പെ തന്‍റെ ആദ്യ ഗോൾ നേടിയത്. ഈ ഗോളോടെ ലോകകപ്പിലെ തന്‍റെ ആകെ ഗോൾ നേട്ടം താരം 13 ആയി ഉയർത്തി. ഇതോടെ 12 ഗോളുകൾ നേടിയ ഫുട്ബോൾ ഇതിഹാസം പെലെയുടെ റെക്കോർഡാണ് എംബാപ്പെ മറികടന്നത്.

ഇഞ്ചുറി ടൈമിൽ ലോങ് റേഞ്ച് ഷോട്ടിലൂടെ മത്സരത്തിലെ തന്‍റെ രണ്ടാം ഗോളും ലോകകപ്പിലെ 14-ാം ഗോളും എംബാപ്പെ സ്വന്തമാക്കി. ഇതോടെ 13 ലോകകപ്പ് ഗോളുകളുള്ള ലിയോണൽ മെസിയുടെ റെക്കോര്‍ഡും എംബാപ്പെ മറികടന്നു. മെസി അഞ്ച് ലോകകപ്പുകളില്‍ നിന്നാണ് 13 ഗോളുകള്‍ നേടിയതെങ്കില്‍ തന്‍റെ മൂന്നാം ലോകകപ്പിലാണ് 27കാരനായ ചരിത്രനേട്ടത്തിലെത്തിയത്.

അൾജീരിയക്കെതിരെയുള്ള മത്സരത്തിനായി മെസി ഇന്ന് പിന്നീട് ഇറങ്ങാനിരിക്കെയാണ് എംബാപ്പെ മെസിയെ മറികടന്നു മുന്നിലെത്തിയത്. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്തുള്ള എംബാപ്പെ ജർമ്മനിയുടെ മുൻ ഇതിഹാസ താരം ഗെർഡ് മുള്ളറുടെ (14 ഗോളുകൾ) നേട്ടത്തിനൊപ്പമാണ് ഇപ്പോള്‍.

ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാർ

മിറോസ്ലാവ് ക്ലോസെജർമ്മനി-16 ഗോള്‍, ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ(പോര്‍ച്ചുഗല്‍(15) എന്നിവര്‍ മാത്രമാണ് ഇനി എംബാപ്പെക്ക് മുന്നിലുള്ളത്. ഈ ലോകകപ്പില്‍ ലോകകപ്പിലെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനെന്ന നേട്ടവും എംബാപ്പെ സ്വന്തമാക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീനക്കെതിരെ ഹാട്രിക് നേടിയ എംബാപ്പെ ഈ മത്സരത്തില്‍ രണ്ട് ഗോള്‍ നേടിയതോടെ അവസാനം കളിച്ച രണ്ട് ലോകകപ്പ് മത്സരങ്ങളില്‍ മാത്രം 5 ഗോളുകളാണ് സ്വന്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക