മാഡ്രിഡ്: നിലവില്‍ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയെന്ന് റയൽ മാഡ്രിഡ് കോച്ച് സിനദിന്‍ സിദാന്‍. ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി-റയൽ മാഡ്രിഡ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം ഉറപ്പായതിന് പിന്നാലെയാണ് സിറ്റി പരിശീലകനെ പുകഴ്‌ത്തി സിദാന്‍റെ പ്രസ്‌താവന. കരിയറില്‍ ഉടനീളം പരിശീലകമികവ് ഗ്വാര്‍ഡിയോള പ്രകടിപ്പിച്ചിട്ടുണ്ടെന്നും സിദാന്‍ അഭിപ്രായപ്പെട്ടു.

സിദാനെ പോലെ കളിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് ഗ്വാര്‍ഡിയോള കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കളിക്കാരായി നേര്‍ക്കുനേര്‍ വന്നിട്ടുണ്ടെങ്കിലും സിദാനും ഗ്വാര്‍ഡിയോളയും പരിശീലകരായ ടീമുകള്‍ ഇതുവരെ ഏറ്റുമുട്ടിയിട്ടില്ല. ഫെബ്രുവരി 26നും മാര്‍ച്ച് 17നുമാണ് രണ്ട് പാദങ്ങളിലായി സിറ്റിയും റയലും ഏറ്റുമുട്ടുന്നത്.

ഗ്വാര്‍ഡിയോളക്ക് കീഴില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവില്‍ മൂന്നാം സ്ഥാനക്കാരാണ് നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി. ഒന്നാമതുള്ള ലിവര്‍പൂളിനെക്കാള്‍ 11 പോയിന്‍റ് പിന്നിലാണ് സിറ്റി. 18 മത്സരങ്ങളില്‍ 12 ജയവും രണ്ട് സമനിലയുമാണ് സിറ്റിക്കുള്ളത്. ഇന്നലെ നടന്ന മത്സരത്തില്‍ സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളിന് ലെസ്റ്റർ സിറ്റിയെ തോൽപിച്ചു. റിയാദ് മെഹറസ്, ഗുൺഡോഗൻ, ഗബ്രിയേൽ ജിസ്യൂസ് എന്നിവരാണ് സിറ്റിയുടെ ഗോളുകൾ നേടിയത്.