Asianet News MalayalamAsianet News Malayalam

ആദ്യം അര്‍ജന്‍റീന തോല്‍ക്കുമെന്ന് പ്രവചനം, പിന്നെ മെസിയെ പുകഴ്ത്തല്‍; ഒടുവിൽ റോണോയെ വാഴ്ത്തി പിയേഴ്സ് മോര്‍ഗൻ

ക്രൊയേഷ്യ അര്‍ജന്‍റീനയെ തോല്‍പ്പിക്കുമെന്നും ഫ്രാന്‍സ് മൊറോക്കോയെ പരാജയപ്പെടുത്തുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രവചനം. കലാശപ്പോരില്‍ ഫ്രാന്‍സ് ക്രൊയേഷ്യയെ തോല്‍പ്പിച്ച് കിരീടം നേടുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Piers Morgan says cristiano ronaldo is the best football player ever
Author
First Published Dec 14, 2022, 7:04 PM IST

ലണ്ടന്‍: ഖത്തര്‍ ലോകകപ്പിന്‍റെ സെമി ഫൈനലില്‍ ക്രൊയേഷ്യ അര്‍ജന്‍റീനയെ പരാജയപ്പെടുത്തുമെന്നുള്ള പ്രവചനം തെറ്റിയതോടെ മാധ്യമ പ്രവര്‍ത്തന്‍ പിയേഴ്സ് മോര്‍ഗനെ ട്രോളി ആരാധകര്‍. ക്രൊയേഷ്യ അര്‍ജന്‍റീനയെ തോല്‍പ്പിക്കുമെന്നും ഫ്രാന്‍സ് മൊറോക്കോയെ പരാജയപ്പെടുത്തുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രവചനം. കലാശപ്പോരില്‍ ഫ്രാന്‍സ് ക്രൊയേഷ്യയെ തോല്‍പ്പിച്ച് കിരീടം നേടുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍, ക്രൊയേഷ്യയെ തകര്‍ത്ത് അര്‍ജന്‍റീന മുന്നേറിയതോടെ പിയേഴ്സ് മോര്‍ഗന്‍റെ ആദ്യ പ്രവചനം തന്നെ പാളി. ഇതോടെ അര്‍ജന്‍റീനയ്ക്കായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായി മാറിയ മെസിയെ ഒന്ന് പുകഴ്ത്തി. ലിയോണല്‍ മെസി രണ്ടാമത്തെ മികച്ച അര്‍ജന്‍റൈന്‍ ആണെന്നായിരുന്നു പുകഴ്ത്തല്‍. അര്‍ജന്‍റീന മെസിയുടെ മിന്നുന്ന പ്രകടനത്തോടെ ഫൈനലില്‍ എത്തിയതോടെ പിയേഴ്സ് മോര്‍ഗനെ നേടി ഗാരി ലിനേക്കറുടെ അടക്കം ചോദ്യങ്ങള്‍ എത്തി.

അതിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നാണ് മോര്‍ഗൻ ഉത്തരം പറഞ്ഞത്. മറഡോണ രണ്ടാമത്തെ മികച്ച താരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മെസി മൂന്നാമത് (ഒരുപക്ഷേ നാലാമത്തേത്, ബ്രസീലിയന്‍ റൊണാള്‍ഡോയ്ക്ക് പിന്നില്‍) എന്നുമായിരുന്നു പിയേഴ്സ് മോര്‍ഗന്‍റെ മറുപടി. ക്രൊയേഷ്യക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്‍റെ ജയവുമായാണ് അര്‍ജന്‍റീന ഫൈനലിലെത്തിയത്.

ജൂലിയന്‍ അല്‍വാരസിനെ ഗോളി ലിവാകോവിച്ച് വീഴ്‌ത്തിയതിന് റഫറി അനുവദിച്ച പെനാല്‍റ്റി മെസി ഗോളാക്കിയതിലൂടെയാണ് മത്സരം അര്‍ജന്‍റീനയുടെ പക്ഷത്തേക്കെത്തിയത്. അതുവരെ ക്രൊയേഷ്യക്കായിരുന്നു മുന്‍തൂക്കം. ഇതിന് പിന്നാലെ ജൂലിയന്‍ ആല്‍വാരസ് 39, 69 മിനുറ്റുകളില്‍ വല ചലിപ്പിച്ചു. 39-ാം മിനുറ്റില്‍ സോളോ ഗോളായിരുന്നു അല്‍വാരസ് നേടിയത്. 69-ാം മിനുറ്റില്‍ മെസിയുടെ ലോകോത്തര അസിസ്റ്റിലായിരുന്നു മത്സരത്തില്‍ അല്‍വാരസിന്‍റെ രണ്ടാം ഗോള്‍. ഗോളും അസിസ്റ്റുമായി കളംനിറഞ്ഞ ലിയോണൽ മെസിയായിരുന്നു മാന്‍ ഓഫ് ദ് മാച്ച്.

Follow Us:
Download App:
  • android
  • ios