സംസ്ഥാന ദിനാഘോഷങ്ങളുടെ ഭാഗമായി സിക്കിമിനായി വൻ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും.
ഗാങ്ടോക്ക്: സിക്കിമിലെ ഗാങ്ടോക്കിൽ വിദ്യാർത്ഥികൾക്കൊപ്പം ഫുട്ബോൾ കളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിക്കിമിന്‍റെ അമ്പതാം സംസ്ഥാന ദിനാഘോഷങ്ങളുടെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ട്രാക്ക് സ്യൂട്ടും ബൂട്ടുമണിഞ്ഞ് കുട്ടികൾക്കൊപ്പം മൈതാനത്ത് ആവേശത്തോടെ പന്തുതട്ടുന്ന ദൃശ്യങ്ങൾ പ്രധാനമന്ത്രി തന്നെ എക്സിലൂടെ പങ്കുവെച്ചു.
ഗാങ്ടോക്കിലെ മനോഹരമായ ഈ പ്രഭാതത്തിൽ സിക്കിമിലെ എന്‍റെ യുവസുഹൃത്തുക്കളോടൊപ്പം കുറച്ച് ഫുട്‌ബോൾ കളിക്കുന്നത് പോലെ ഊർജ്ജം നൽകുന്ന മറ്റൊന്നില്ല എന്നായിരുന്നു വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി കുറിച്ചത്. സംസ്ഥാന ദിനാഘോഷങ്ങളുടെ ഭാഗമായി സിക്കിമിനായി വൻ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. ഏകദേശം 4,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവ്വഹിക്കും. അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിലെ 30-ഓളം പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. ഗാങ്ടോക്കിലെ പൽജോർ സ്റ്റേഡിയത്തിൽ നടക്കുന്ന വിപുലമായ സമാപന ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.
യുവജനങ്ങൾക്കിടയിൽ ഫിറ്റ്നസും കായിക സംസ്കാരവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി കുട്ടികൾക്കൊപ്പം സമയം ചിലവഴിച്ചത്. റാങ്‌പോയിലെ പുതിയ ഇൻഡോർ ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടെയുള്ള കായിക കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഈ സന്ദർശനത്തിന്‍റെ ഭാഗമാണ്. സിക്കിം ഇന്ത്യൻ യൂണിയന്‍റെ ഭാഗമായതിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
