Asianet News MalayalamAsianet News Malayalam

ചില്ലറ പുകിലായി, എസ്‍ഡിപിഐ കൊടി എന്ന് കരുതി പോർച്ചുഗൽ പതാക വലിച്ചു കീറിയ യുവാവ് പെട്ടു; കേസെടുത്തു, വകുപ്പ്!

പോർച്ചുഗൽ ആരാധകരെത്തി യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് എസ് ഡി പി ഐയുടെ കൊടിയാണെന്ന് കരുതി നശിപ്പിച്ചതാണെന്ന് യുവാവ് വ്യക്തമാക്കിയത്.

police registered case against tore portuguese flag in kannur
Author
First Published Nov 16, 2022, 4:16 PM IST

കണ്ണൂർ: എസ് ഡി പി ഐയുടെ കൊടിയാണെന്ന് കരുതി പോർച്ചുഗലിന്‍റെ പതാക വലിച്ചു കീറിയ യുവാവിനെതിരെ കേസെടുത്തു. കണ്ണൂർ പാനൂർ വൈദ്യർ പീടികയിൽ ഏലാങ്കോട് ദീപകിനെതിരെ പാനൂർ പൊലീസാണ് കേസെടുത്തത്. കേരള പൊലീസ് ആക്റ്റ് പ്രകാരം പൊതു ശല്യം ഉണ്ടാക്കിയതിനാണ് കേസ്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. വൈദ്യർ പീടിക ടൗണിൽ പോർച്ചുഗൽ ഫുട്ബോൾ ടീം ആരാധകർ ചെറിയ  പി വി സിപൈപ്പുകളിൽ കെട്ടി സ്ഥാപിച്ചിരുന്ന പോർച്ചുഗൽ പതാകകളാണ് ഇയാൾ നശിപ്പിച്ചത്. വൈകിട്ടോടെ സംഭവ സ്ഥലത്തെത്തിയ ദീപക് പതാകകൾ ഓരോന്നായി പറിച്ചെടുത്ത് സമീപത്തെ തോട്ടിൽ എറിയുകയും പതാക കെട്ടിയ പി വി സി പൈപ്പുകൾ പൊട്ടിച്ച് കളയുകയും ചെയ്തു. സംഭവമറിച്ച് പോർച്ചുഗൽ ആരാധകർ സ്ഥലത്തെത്തുമ്പോഴേക്കും പകുതിയോളം പതാകകളും നശിപ്പിച്ചിരുന്നു. പോർച്ചുഗൽ ആരാധകരും യുവാവും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.

ലോകകപ്പില്‍ പറങ്കിപ്പടയക്ക് പിന്തുണ അറിയിച്ച് കൊണ്ടാണ് പോർച്ചുഗൽ പതാക കെട്ടിയിരുന്നത്. എന്നാൽ പതാക കണ്ടപ്പോൾ ദീപക് അത് എസ് ഡി പി ഐയുടേതാണെന്നാണ് കരുതിയത്. അതുകൊണ്ടാണ് വലിച്ചുകീറിയതെന്നാണ് ഇയാൾ പിന്നീട് പറഞ്ഞത്. ഇയാൾ പോര്‍ച്ചുഗലിന്‍റെ പതാക വലിച്ച് കീറുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. പൊതുശല്യം ഉണ്ടാക്കുന്ന പ്രവർത്തനമാണ് ഇയാളുടേതെന്ന് പൊലീസ് പറഞ്ഞു. ആരാധകർ തമ്മിലുള്ള എന്തെങ്കിലും പ്രശ്നം ഇതിന് പിന്നിലുണ്ടോ എന്നകാര്യം കൂടി പരിശോധിച്ചേക്കും. ലോകകപ്പിന്‍റെ ആവേശം നാടെങ്ങും അലയടിക്കവേയാണ് ആരാധകര്‍ കെട്ടിയ പോര്‍ച്ചുഗലിന്‍റെ പതാക വലിച്ച് കീറി യുവാവിന്‍റെ ചിത്രം വലിയ തോതിൽ പ്രചരിച്ചത്. 

'അല്ലെങ്കില്‍ ഞാന്‍ മെസിയെന്നേ പറയൂ', മെസി എങ്ങനെ മേഴ്സിയായി; തുറന്നു പറഞ്ഞ് ഇ പി ജയരാജന്‍

അതേസമയം, ബ്രസീല്‍, അര്‍ജന്‍റീന എന്നിവയ്ക്കൊപ്പം പോര്‍ച്ചുഗല്‍ ആരാധകരും ചേര്‍ന്നതോടെ നാടെങ്ങും ഇപ്പോള്‍ ലോകകപ്പ് ആഘോഷമാക്കുന്നതിനുള്ള ഒരുക്കത്തിലാണ്. ഒരു സൈഡില്‍ കട്ടൗട്ട് യുദ്ധങ്ങള്‍ നടക്കുമ്പോള്‍ മിക്ക ആരാധക കൂട്ടങ്ങളും ഒരുമിച്ച് മത്സരങ്ങള്‍ കാണുന്നതിനുള്ള കൂറ്റന്‍ സ്ക്രീനുകള്‍ സ്ഥാപിക്കുന്നതിനുള്ള ഒരുക്കത്തിലാണ്.

Follow Us:
Download App:
  • android
  • ios