Asianet News MalayalamAsianet News Malayalam

സാന്‍റോസിന് ഖേദിക്കാം! റോണോയെ ബെഞ്ചിലിരുത്തിയതിന് 'എട്ടിന്‍റെ പണി' വരുന്നു, ഇനി വേണ്ടത് ഒരേയൊരു 'യെസ്' മാത്രം

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തതിൽ ഒരു ഖേദവുമില്ലെന്നാണ് ഫെര്‍ണാണ്ടോ സാന്‍റോസ് ലോകകപ്പ് ക്വാര്‍ട്ടറിലെ തോല്‍വിക്ക് ശേഷം പറഞ്ഞത്. എന്നാൽ, ഖേദിക്കേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

Portugal boss Fernando Santos to be sacked after world cup defeat
Author
First Published Dec 15, 2022, 5:55 PM IST

ലിസ്ബണ്‍: ലോകകപ്പിൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയ പോര്‍ച്ചുഗൽ പരിശീലകൻ ഫെര്‍ണാണ്ടോ സാന്‍റോസ് പുറത്തേക്ക്. സൂപ്പര്‍ പരിശീലകൻ ഹോസേ മൗറീഞ്ഞ്യോ ഉൾപ്പടെയുള്ളവരാണ് പകരം പരിഗണനയിൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തതിൽ ഒരു ഖേദവുമില്ലെന്നാണ് ഫെര്‍ണാണ്ടോ സാന്‍റോസ് ലോകകപ്പ് ക്വാര്‍ട്ടറിലെ തോല്‍വിക്ക് ശേഷം പറഞ്ഞത്. എന്നാൽ, ഖേദിക്കേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

സാന്‍റോസിന് പരിശീല സ്ഥാനം തന്നെ നഷ്ടമാകുന്നത് റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയതിന്‍റെ പേരിലാകും. പോര്‍ച്ചുഗൽ ടീം സെമി കാണാതെ പുറത്തായതെന്നും ആരാധകര്‍ക്ക് വിഷയമല്ല. റൊണാള്‍ഡോയെ പുറത്തിരുത്തിയതാണ് അവരെ ചൊടിപ്പിച്ചത്. മത്സരം ഒറ്റയ്ക്ക് മാറ്റി മറിക്കാൻ കെൽപ്പുള്ള റോണോയെ പോലൊരു താരത്തെ മൊറോക്കോയ്‍ക്കെതിരെ വൈകിയിറക്കിയതിന് വലിയ വില നൽകേണ്ടി വന്നുവെന്ന വിമര്‍ശനവുമായി ഇതിഹാസ താരം ലൂയിസ് ഫിഗോയും രംഗത്തെത്തിയിരുന്നു.

പോര്‍ച്ചുഗലിന്‍റെ എക്കാലത്തെയും മികച്ച പരിശീലകനാണ് സാന്‍റോസ്.  അവര്‍ക്കാദ്യമായി യൂറോ കപ്പും യുവേഫ നേഷൻസ് ലീഗും സമ്മാനിക്കാന്‍ സൂപ്പര്‍ പരിശീലന് സാധിച്ചിരുന്നു. പക്ഷേ അതൊന്നും റൊണാൾഡോയെ വെറുപ്പിച്ചെന്ന പേരിൽ കണക്കിലെടുക്കില്ല. പുതിയ പരിശീലകനായി പോര്‍ച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ അന്വേഷണം തുടങ്ങി കഴിഞ്ഞു. സൂപ്പര്‍ പരിശീലകൻ ഹോസേ മൗറീഞ്ഞോയെ സമീപിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകൾ.

ഇറ്റാലിയൻ ക്ലബ് റോമയെ പരിശീലിപ്പക്കുന്ന മൗറീഞ്ഞോയെ ആ ക്ലബിനൊപ്പം തുടരുന്നതിനൊപ്പം പോര്‍ച്ചുഗൽ ടീമിൽ ഒന്ന് കണ്ണ് വച്ചാൽ മതിയെന്ന ഓഫര്‍ പോലും വച്ചെന്നാണ് വിവരം. റൊണാൾഡോയുമായി അടുത്ത ബന്ധമുള്ളയാണ് ഹോസേ മൗറീഞ്ഞോ. ഇനി മൗറീഞ്ഞോ നോ പറഞ്ഞാൽ പോര്‍ട്ടോ പരിശീലകൻ സെര്‍ജിയോ കോണ്‍സൈസോ, മാര്‍സെ പരിശീലകൻ ആന്ദ്രേ വിയ്യാസ് ബോസ് എന്നിവരാണ് പരിഗണനയിലുള്ളത്. പോര്‍ച്ചുഗലിന്‍റെ യൂറോ കപ്പ് യോഗ്യതാ മത്സരങ്ങൾ മാര്‍ച്ചിൽ തുടങ്ങും. അതിന് മുമ്പ് പുതിയ കോച്ച് ചുമതലയേല്‍ക്കും. അതും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കൂടി ബോധിച്ച ഒരാളാകുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Follow Us:
Download App:
  • android
  • ios