ബംഗളൂരു: ഇന്ത്യയുടെ പ്രൊഫഷനല്‍ ഫുട്‌ബോള്‍ ക്ലബ് ഏതെന്ന് ചോദിച്ചാല്‍ ബംഗളൂരു എഫ്‌സി എന്നല്ലാതെ മറ്റൊരു ഉത്തരം പറയാനില്ല. ക്ലബിന്റെ ആരാധകരെ കൂടെ നിര്‍ത്താനും അവര്‍ ശ്രദ്ധിക്കാറുണ്ട്്. ക്ലബും ആരാധകരും തമ്മിലുള്ള ബന്ധം ഒരിക്കല്‍കൂടി കാണിച്ചിരിക്കുകയാണ് ബംഗളൂരു എഫ്‌സി. സ്വന്തം ടീമിന്റെ കളികാണാന്‍ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലേക്ക് ചൂടുവെള്ളം കൊണ്ടുവന്നോട്ടെ എന്ന് ചോദിച്ച ഗര്‍ഭിണിയായ മലയാളി ആരാധികയെ ഓണേഴ്സ് ബോക്സിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് ബംഗളൂരു എഫ്‌സി.

മേഘ്നാ നായര്‍ എന്ന ആരാധികയുടെ അപേക്ഷയാണ് ക്ലബിനെ അമ്പരപ്പിച്ചത്. ട്വിറ്റര്‍ പേജിലൂടെ മേഘ്‌ന ഇക്കാര്യം ചോദിച്ചത്. ''ഇപ്പോള്‍ 33 ആഴ്ച ഗര്‍ഭിണിയാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനായി ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. ഇതിനായി സ്റ്റേഡിയത്തില്‍ ചൂടുവെള്ളം കൊണ്ടുവരാന്‍ അനുവദിക്കാമോ..? കഴിഞ്ഞ മത്സരങ്ങള്‍ കാണാന്‍ വന്നപ്പോള്‍ ഏറെ ബുദ്ധിമുട്ടി.'' ട്വീറ്റ് കാണാം. 

എന്നാല്‍ ശനിയാഴ്ച കേരളാ ബ്ളാസ്റ്റേഴ്സിനെതിരായ മത്സരം കാണാന്‍ ഓണേഴ്സ് ബോക്സിലേക്ക് ക്ഷണിക്കുകയായിരുന്നു ബംഗളൂരു എഫ്‌സി. ആരാധികയുടെയും ക്ലബ്ബിന്റെയും ആശയ വിനിമയം സാമൂഹ്യ മാധ്യമങ്ങളിലും വൈറലായി.  മൂന്ന് സമനിലയുമായിട്ടാണ് ബംഗളൂരു എഫ്സി  ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2019 20 സീസണ്‍ തുടങ്ങിയത്. ആദ്യ മൂന്ന് മത്സരം സമനിലയില്‍ കുടുങ്ങിയ അവര്‍ ചെന്നൈയിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ജയിച്ചിരുന്നു.