അവസാന വിസിലിന് തൊട്ടുമുമ്പ് മാര്‍ട്ടിനെല്ലി(90+8) കൗണ്ടര്‍ അറ്റാക്കിലൂടെ ആഴ്‌സണലിന് 2-4ന്‍റെ ജയം സമ്മാനിച്ചു

ആസ്റ്റണ്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോര് കൂടുതല്‍ ആവേശത്തിലേക്ക്. കഴിഞ്ഞ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റ ആഴ്‌സണല്‍ ഇന്ന് ആസ്റ്റണ്‍ വില്ലക്കെതിരെ ഇഞ്ചുറിടൈമിലെ ഇരട്ട ഗോളില്‍ ആവേശ ജയം പിടിച്ചെടുത്തു. 90 മിനുറ്റുകളില്‍ ഇരു ടീമുകളും 2-2ന് തുല്യത പാലിച്ചപ്പോള്‍ 90+3-ാം മിനുറ്റില്‍ ജോര്‍ജീഞ്ഞോയുടെ ലോംഗ് റേഞ്ചര്‍ ആസ്റ്റണ്‍ ഗോളി എമി മാര്‍ട്ടിനസിന്‍റെ തലയില്‍ തട്ടി വലയിലെത്തി. പിന്നാലെ അവസാന വിസിലിന് തൊട്ടുമുമ്പ് മാര്‍ട്ടിനെല്ലി(90+8) കൗണ്ടര്‍ അറ്റാക്കിലൂടെ ആഴ്‌സണലിന് രണ്ടിനെതിരെ നാല് ഗോളിന്‍റെ ജയം സമ്മാനിച്ചു. ജയത്തോടെ ആഴ്‌സണല്‍ ഒന്നാമത് തിരിച്ചെത്തിയത് സിറ്റിക്ക് തലവേദനയായി. 

കിക്കോഫായി അഞ്ചാം മിനുറ്റില്‍ ഓലീ വാറ്റ്‌കിന്‍സ് ആസ്റ്റണ്‍ വില്ലയെ മുന്നിലെത്തിച്ചപ്പോള്‍ 16-ാം മിനുറ്റില്‍ ബുക്കായോ സാക്കയിലൂടെ ആഴ്‌സണല്‍ തുല്യത പിടിച്ചിരുന്നു. എന്നാല്‍ ആദ്യപകുതിയില്‍ തന്നെ രണ്ടാം ഗോളും വഴങ്ങിയത് ആഴ്‌സണലിന് പ്രഹരമായി. 31-ാം മിനുറ്റില്‍ ഫിലിപ് കുട്ടീഞ്ഞോയാണ് ആസ്റ്റണിന് വീണ്ടും ലീഡ് സമ്മാനിച്ചത്. ഇതോടെ മത്സരം ആസ്റ്റണിന് അനുകൂലമായി 2-1ന് ഇടവേളയ്ക്ക് പിരിഞ്ഞു. 

ഇഞ്ചുറിടൈം വണ്ടര്‍

എന്നാല്‍ 61-ാം മിനുറ്റില്‍ ഒഡേഗാര്‍ഡിന്‍റെ അസിസ്റ്റില്‍ ഷിന്‍ചെങ്കോ ആഴ്‌സണലിനെ വീണ്ടും ഒപ്പമെത്തിച്ചതോടെ ഗോള്‍നില 2-2 ആയി. പിന്നീടങ്ങോട്ട് ജയിക്കാനുള്ള വേഗപ്പോരായിരുന്നു ഇരു ടീമുകളും തമ്മില്‍. ഇതിനിടെ വീണ് കിട്ടിയ ഏറെ അവസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ ആഴ്‌സണലിന് നേരത്തെ തന്നെ ജയമുറപ്പിക്കാമായിരുന്നു. രണ്ടാംപകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചെങ്കിലും മൂന്നാം ഗോളിലേക്ക് ആഴ്‌സണല്‍ താരങ്ങള്‍ എത്താന്‍ അധികസമയം വേണ്ടിവന്നു. ഒടുവില്‍ ഇഞ്ചുറിടൈമില്‍ ജോര്‍ജീഞ്ഞോയുടെ ലോംഗ് റേഞ്ചര്‍ ആഴ്‌സണലിന് അര്‍ഹമായ ജയം ഉറപ്പിച്ചപ്പോള്‍ മാര്‍ട്ടിനെല്ലിയുടെ സൂപ്പര്‍ ഫിനിഷ് ഗണ്ണേഴ്‌സിന്‍റെ മൂന്ന് പോയിന്‍റ് ഭദ്രമാക്കി. 

ഒന്നാമത് തിരിച്ചെത്തിയ ആഴ്‌സണലിന് 23 കളികളിയില്‍ 54 പോയിന്‍റുകളാണുള്ളത്. 24-ാം മത്സരത്തിന് ഇന്ന് രാത്രി ഇറങ്ങുന്ന സിറ്റിക്കുള്ളത് 51 പോയിന്‍റും. മാഞ്ചസ്റ്റര്‍ സിറ്റിക്ക് നോട്ടിംഗ്ഹാം ആണ് എതിരാളികള്‍. മത്സരം എട്ടരയ്ക്ക് നോട്ടിംഹാമിന്‍റെ മൈതാനത്ത് ആരംഭിക്കും.