ലീഗില്‍ ആഴ്‌സണലിന് അമ്പത്തിയൊന്നും സിറ്റിക്ക് നാൽപത്തിയെട്ടും പോയിന്‍റാണ് നിലവിലുള്ളത്

ആഴ്‌സണ്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ഇന്ന് വമ്പൻ പോരാട്ടം. രാത്രി ഒരു മണിക്ക് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റര്‍ സിറ്റിയെ ആഴ്‌സണൽ നേരിടും. സീസണിന്‍റെ മൂന്നാം വാരത്തിൽ സ്വന്തമാക്കിയ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനാണ് ആഴ്‌സണൽ ഇറങ്ങുന്നത്. അതേസമയം പ്രീമിയര്‍ ലീഗിൽ ഹാട്രിക് കിരീടമെന്ന ലക്ഷ്യത്തിലേക്ക് തിരിച്ചെത്താൻ മാഞ്ചസ്റ്റര്‍ സിറ്റി മൈതാനത്തെത്തും. എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് ഇന്ന് തീപാറും പോരാട്ടം. 

ലീഗില്‍ ആഴ്‌സണലിന് അമ്പത്തിയൊന്നും സിറ്റിക്ക് നാൽപത്തിയെട്ടും പോയിന്‍റാണ് നിലവിലുള്ളത്. ഇന്ന് ജയിച്ചാൽ ഗോൾ ശരാശരിയുടെ ബലത്തിൽ സിറ്റി മുന്നിലെത്തും. ആഴ്‌സണലിനാണെങ്കിൽ ലീഡ് വര്‍ധിപ്പിക്കാനുള്ള അവസരമാണ് ഇന്നത്തെ മത്സരം. അപാര ഫോമിൽ കുതിക്കുകയായിരുന്ന ആഴ്സണൽ കഴിഞ്ഞ കളികളിൽ നിരാശപ്പെടുത്തിയിരുന്നു. എവര്‍ട്ടണോട് തോറ്റപ്പോള്‍ ബ്രന്‍റ്‌ഫോര്‍ഡിനോട് സമനില വഴങ്ങി. ഈ മോശം പ്രകടനങ്ങളുടെ തുടക്കം എഫ്എ കപ്പിൽ സിറ്റിയോട് തോറ്റത് മുതലായിരുന്നു.

മാഞ്ചസ്റ്റര്‍ സിറ്റിക്കാകട്ടെ ഇത് കയറ്റിറക്കങ്ങളുടെ സീസണാണ്. ടോട്ടനത്തോട് തോറ്റ സിറ്റി കഴിഞ്ഞ മത്സരത്തിൽ ആസ്റ്റൻ വില്ലയെ തോൽപ്പിച്ച് വിജയവഴിയിൽ തിരിച്ചെത്തി. ആശാൻ പെപ് ഗ്വാര്‍ഡിയോളയെ ഇന്നെങ്കിലും ശിഷ്യൻ മൈക്കിൾ അര്‍ട്ടെറ്റയ്ക്ക് തോൽപ്പിക്കാനാകുമോയെന്ന് കണ്ടറിയണം. ആഴ്സണൽ പരിശീലകനായ ശേഷം അര്‍ട്ടെറ്റയ്ക്ക് തോൽപ്പിക്കാനാവാത്ത ഒരേയൊരു സംഘമാണ് താൻ പണ്ട് സഹ പരിശീലകനായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി. 

ചാമ്പ്യന്‍സ് ലീഗിലും മത്സരം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാത്രമല്ല, യുവേഫ ചാമ്പ്യന്‍സ് ലീഗിലും ഇന്ന് മത്സരമുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ പ്രീക്വാർട്ടറിന്‍റെ ആദ്യപാദത്തില്‍ ചെൽസി ഇന്ന് ബൊറൂസിയ ഡോർട്ട്മുണ്ടിനെ നേരിടും. രണ്ടാം കളിയില്‍ ബെൻഫിക്കയ്ക്ക് ക്ലബ് ബ്രൂഗാണ് എതിരാളികൾ. രാത്രി ഒന്നരയ്ക്കാണ് ഇരു മത്സരങ്ങളും തുടങ്ങുക. തുടര്‍ച്ചയായി ആറ് ജയവുമായെത്തുന്ന ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ ജർമൻ മണ്ണിൽ നേരിടുക ഇംഗ്ലീഷ് പ്രീമിയല്‍ ലീഗില്‍ കിതയ്‌ക്കുന്ന ചെല്‍സിക്ക് എളുപ്പമാവില്ല. 

തോറ്റാല്‍ പോട്ടര്‍ പരുങ്ങലിലാവും; ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സി ഇന്ന് ഡോർട്ട്മുണ്ടിനെതിരെ