മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റർ യുണൈറ്റഡും സതാംപ്ടണും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു
ഫുള്‍ഹാം: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ഗോള്‍മഴയുമായി ആഴ്സണലിന്‍റെ ജൈത്രയാത്ര തുടരുന്നു. എവേ മൈതാനത്ത് ഫുള്‍ഹാമിനെ എതിരില്ലാതെ മൂന്ന് ഗോളുകള്‍ക്ക് ആഴ്സണല്‍ തോല്‍പിച്ചു. ഇതോടെ ലീഗില്‍ സിറ്റിയുമായുള്ള കിരീടപ്പോരില്‍ ഒന്നാമത് തന്നെ തുടരുകയാണ് ആഴ്സണല്‍. ആദ്യപകുതിയിലായിരുന്നു ആഴ്സണലിന്‍റെ എല്ലാ ഗോളുകളും. ഗബ്രിയേല്‍ മഗാലാസ്(21), ഗബ്രിയേല്‍ മാർട്ടിനെല്ലി(26), മാർട്ടിന്‍ ഒഡേഗാഡ്(45+2) എന്നിവരാണ് ഗോള്‍ നേടിയത്. ആഴ്സണല്‍ മധ്യനിരയുടെ കളി നെയ്യലും ഫിനിഷിംഗ് മികവും ചേർന്ന ടീം ഗെയിമിന് മുന്നില്‍ ഫുള്‍ഹാം പൂർണമായും മൈതാനത്ത് നിന്ന് അപ്രത്യക്ഷമായിപ്പോയി.
രണ്ടാംപകുതിയില്‍ ഗോളെണ്ണം കൂട്ടാനായില്ലെങ്കിലും ആഴ്സണലിന്‍റെ ആക്രമണത്തിന് ഒട്ടും അയവുണ്ടായിരുന്നില്ല. 85-ാം മിനുറ്റില്‍ ഗബ്രിയേല്‍ ജെസ്യൂസിന്‍റെ ഷോട്ട് ഫുള്‍ഹാം ഗോളി ലെനോ രക്ഷപ്പെടുത്തിയത് നിർണായകമായി. ലീഗില്‍ വിജയക്കുതിപ്പ് തുടരുന്ന ആഴ്സണല്‍ 27 മത്സരങ്ങള്‍ പൂർത്തിയായപ്പോള്‍ 66 പോയിന്‍റിലെത്തി. രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് ഇത്ര തന്നെ മത്സരങ്ങളില്‍ 61 പോയിന്‍റേയുള്ളൂ. ഒരു മത്സരം കുറവ് കളിച്ച് 50 പോയിന്‍റുമായി യുണൈറ്റഡാണ് മൂന്നാമത്.
യുണൈറ്റഡിന് തിരിച്ചടി
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റർ യുണൈറ്റഡും സതാംപ്ടണും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഇരു ടീമിനും ഗോള്‍ നേടാനായില്ല. ഇതിനിടെ 34-ാം മിനുറ്റില്‍ കസിമിറോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് യുണൈറ്റഡിന് തിരിച്ചടിയാവുകയും ചെയ്തു. ആക്രമണത്തിലും പന്തടക്കത്തിലും വലിയ വ്യത്യാസമൊന്നും ഇരു ടീമുകളും തമ്മിലുണ്ടായിരുന്നില്ല. യുണൈറ്റഡ് നാലും സതാംപ്ടണ്‍ നാലും ഷോട്ടുകള്‍ ടാർഗറ്റ് ലക്ഷ്യമാക്കി പായിച്ചെങ്കിലും വല കുലുങ്ങാതെനിന്നു. ഇന്നത്തെ മറ്റൊരു മത്സരത്തില്‍ വെസ്റ്റ് ഹാമും ആസ്റ്റണ്‍ വില്ലയും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. വെസ്റ്റ് ഹാമിനായി സൈദും ആസ്റ്റണിനായി വാറ്റ്കിന്‍സുമാണ് സ്കോറർമാർ.
ഗോളടിച്ചും തിരിച്ചടിച്ചും ബെംഗളൂരുവും മുംബൈയും, പെനാല്‍റ്റി പാഴായി; സെമി അത്യാവേശം
