കിരീടം നിലനിർത്താൻ മാഞ്ചസ്റ്റർ സിറ്റി, നീണ്ട ഇടവേളയ്ക്ക് ശേഷം കിരീടം വീണ്ടെടുക്കാൻ ആഴ്സണൽ. 

ലണ്ടന്‍: കിരീടപ്പോര് മുറുകിയ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പ്രമുഖ ടീമുകൾ ഇന്ന് മത്സരത്തിനിറങ്ങുന്നു. ആഴ്സണൽ, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ ടീമുകൾക്ക് മത്സമുണ്ട്.

കിരീടം നിലനിർത്താൻ മാഞ്ചസ്റ്റർ സിറ്റിയും നീണ്ട ഇടവേളയ്ക്ക് ശേഷം കിരീടം വീണ്ടെടുക്കാൻ ആഴ്സണലും പോരടിക്കുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പ്രീമിയർ ലീഗിൽ ആഴ്സണലിനും സിറ്റിക്കും ഇന്ന് നിർണായക മത്സരങ്ങളുണ്ട്. ആഴ്സണൽ വൈകിട്ട് ആറിന് ആസ്റ്റൻ വില്ലയെയും സിറ്റി രാത്രി എട്ടരയ്ക്ക് നോട്ടിംഗ്ഹാമിനെയും നേരിടും. ആഴ്സണലും സിറ്റിയും പോരിനിറങ്ങുന്നത് എതിരാളികളുടെ മൈതാനത്ത്. സിറ്റിക്കും ആഴ്സണലിനും 51 പോയിന്‍റ് വീതമാണുള്ളത്. ഗോൾശരാശരിയിൽ സിറ്റി ഒന്നും ആഴ്സണൽ രണ്ടും സ്ഥാനത്ത് നില്‍ക്കുന്നു. ഒരു മത്സരം കുറച്ച് കളിച്ചത് ആഴ്സണലിന് മുൻതൂക്കം നൽകുന്നു. കഴിഞ്ഞ ദിവസം സിറ്റിയോടേറ്റ തോൽവിയിൽ നിന്ന് കരകയറാനാണ് ആഴ്സണൽ ഇറങ്ങുന്നത്. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു സിറ്റിയുടെ ജയം. സീസണിൽ തകർപ്പൻ ഫോമിൽ മുന്നേറിയ ഗണ്ണേഴ്സിന് അവസാന മൂന്ന് കളിയിൽ ജയിക്കാനായില്ല. ഇതോടെയാണ് സിറ്റി നിർണായക ജയത്തോടെ ഒപ്പമെത്തിയത്. 

എർലിംഗ് ഹാലൻഡ് ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഗോൾവേട്ട തുടങ്ങിയത് മാഞ്ചസ്റ്റര്‍ സിറ്റിക്ക് കരുത്താവും. ഇതിനോടകം ഇരുപത്തിയാറ് ഗോൾ ഹാലൻഡിന്‍റെ പേരിനൊപ്പം കുറിക്കപ്പെട്ട് കഴിഞ്ഞു. വമ്പൻ താരങ്ങളെ സ്വന്തമാക്കിയിട്ടും അവസാന മൂന്ന് കളിയിലും സമനില വഴങ്ങിയ ചെൽസിക്ക്, സതാംപ്ടനാണ് എതിരാളികൾ. സമാന തിരിച്ചടി നേരിടുന്ന ന്യൂകാസിൽ യുണൈറ്റഡ് രാത്രി പതിനൊന്നിന് ലിവർപൂളുമായി ഏറ്റുമുട്ടും. ന്യൂകാസിൽ നാലും ലിവർ‍പൂൾ ഒൻപതും ചെൽസി പത്തും സ്ഥാനത്ത്. മറ്റ് മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസ്, ബ്രെന്റ്ഫോർഡിനെയും വോൾവ്സ്, ബോൺമൗത്തിനെയും ബ്രൈറ്റൺ, ഫുൾഹാമിനെയും എവ‍ർട്ടൻ, ലീഡ്സ് യുണൈറ്റഡിനെയും നേരിടും.