ലിവർപൂളിനെ വീഴ്ത്തി വിജയവഴിയിലെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് സതാംപ്റ്റണാണ് എതിരാളികൾ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാർ ഇന്ന് കളത്തിൽ. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂൾ, യുണൈറ്റഡ്, ചെൽസി, ആഴ്സനൽ ടീമുകളും ഇന്ന് നാലാം റൗണ്ട് മത്സരത്തിന് ഇറങ്ങും.

ലിവർപൂളിനെ വീഴ്ത്തി വിജയവഴിയിലെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് സതാംപ്റ്റണാണ് എതിരാളികൾ. വൈകീട്ട് അഞ്ച് മണിക്കാണ് മത്സരം തുടങ്ങുക. റയൽ മാഡ്രിഡിൽ നിന്ന് യുണൈറ്റഡ് സ്വന്തമാക്കിയ കാസെമിറോ കളിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. പരിക്കേറ്റ ആന്‍റണി മാർഷ്യൽ ടീമിലുണ്ടാകില്ല. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും പരിക്ക് കാരണം മാർഷ്യലിന് നഷ്ടമായിരുന്നു. നിലവിൽ പതിനാലാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി, ക്രിസ്റ്റൽപാലസിനെയാണ് നേരിടുക. സീസണിൽ ഇതുവരെ ജയത്തിലെത്താത്ത യുർഗൻ ക്ലോപ്പിന്‍റെ ലിവർപൂളിന് ബേൺമൗത്താണ് എതിരാളികൾ. 10 വർഷത്തിനിടെ ഏറ്റവും മോശം തുടക്കമാണ് ചെമ്പടയുടേത്. ചെൽസി ഇന്ന് ലെസ്റ്റർ സിറ്റിയെ നേരിടും. ഒരു ജയം മാത്രമുള്ള ചെൽസിയും ആദ്യ പത്തിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. മൂന്ന് മത്സരവും ഏഴരയ്ക്കാണ് തുടങ്ങുക. 

ടേബിൾടോപ്പറായ ആഴ്സനൽ ഇന്ന് നാലാം ജയം തേടി ഫുൾഹാമിനെ നേരിടും. ഹോംഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് മത്സരമെന്നത് ആഴ്സനലിന് കരുത്താകും. രാത്രി പത്ത് മണിക്കാണ് മത്സരം തുടങ്ങുക. മറ്റ് മത്സരങ്ങളിൽ എവർട്ടൻ, ബ്രെന്‍റ്ഫോർഡിനെയും ബ്രൈറ്റൻ, ലീഡ്സ് യുണൈറ്റഡിനെയും നേരിടും.

അതേസമയം യൂറോപ്പ ലീഗ്, കോൺഫറൻസ് ലീഗുകളിലെ ഗ്രൂപ്പ്ഘട്ടത്തിലെ മത്സരക്രമം പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗ്രൂപ്പ് ഇയിൽ റയൽ സോസിഡാഡ്, ഷെരീഫ്, സൈപ്രസ് ക്ലബ്ബ് ഒമോനിയ എന്നിവരാണ് എതിരാളികൾ. ഗ്രൂപ്പ് എയിൽ ആഴ്സനൽ, പിഎസ്‍വി ഐന്തോവൻ, ബോഡോ ഗ്രിമിറ്റ്, സൂറിച്ച് എന്നിവരെ നേരിടും. എഎസ് റോമ, റയൽ ബെറ്റിസ് ടീമുകൾ ഗ്രൂപ്പ് സിയിലാണ് മത്സരിക്കുക.

El Divino Manco: ആരാണ് ലോക ഫുട്ബോളിലെ ആ ഒറ്റക്കയ്യന്‍ ദൈവം