2028 മുതൽ എല്ലാ വര്‍ഷവും രണ്ട് ലോകകപ്പ് സംഘടിപ്പിക്കാമെന്നാണ് ഗ്ലോബല്‍ ഡെവലപ്മെന്‍റ് സമിതി അധ്യക്ഷന്‍ ആഴ്സെന്‍ വെംഗര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം.

സൂറിച്ച്: ഫുട്ബോള്‍ ലോകകപ്പ് രണ്ട് വര്‍ഷത്തിൽ ഒരിക്കൽ സംഘടിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഫിഫയുടെ നീക്കം ഫുട്ബോളിനെ കൊല്ലുമെന്ന് യുവേഫ പ്രസിഡന്‍റ് അലക്സാണ്ടര്‍ സെഫെറിന്‍ പറഞ്ഞു. ഫിഫ നീക്കം ചര്‍ച്ച ചെയ്യാനായി യുവേഫയിലെ 55 അംഗരാജ്യങ്ങള്‍ ചൊവ്വാഴ്ച യോഗം ചേരും.

തെക്കന്‍ അമേരിക്കന്‍ ഫുട്ബോള്‍ സംഘടനയും ഫിഫയുടെ നീക്കത്തെ എതിര്‍ക്കുമെന്നാണ് വിവരമെന്നും സെഫെറിന്‍ പറഞ്ഞു. ഫിഫയുടെ നീക്കത്തിനെതിരെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അടക്കം യൂറോപ്പിലെ 36 ദേശീയ ലീഗുകള്‍ പ്രമേയം പാസ്സാക്കി.

ഫിഫയുടെ നീക്കത്തെ വിമര്‍ശിച്ച് ലോക അത് ലറ്റിക്സ് സംഘടനയടെ പ്രസിഡന്‍റായ ഇതിഹാസതാരം
സെബാസ്റ്റ്യന്‍ കോയും രംഗത്തെത്തി. 2028 മുതൽ എല്ലാ വര്‍ഷവും രണ്ട് ലോകകപ്പ് സംഘടിപ്പിക്കാമെന്നാണ് ഗ്ലോബല്‍ ഡെവലപ്മെന്‍റ് സമിതി അധ്യക്ഷന്‍ ആഴ്സെന്‍ വെംഗര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം.

ഈ വര്‍ഷം മെയില്‍ നടന്ന ഫിഫ കോണ്‍ഗ്രസില്‍ സൗദി അറേബ്യയാണ് ലോകകപ്പ് രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടത്തണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇതിനെത്തുടര്‍ന്നാണ് മുന്‍ ആഴ്സണല്‍ പരിശീലകനും ഫിഫ ഗ്ലോബല്‍ ഡെവലപ്മെന്‍റ് സമിതി അധ്യക്ഷനുമായ ആഴ്സന്‍ വെംഗറെ സാധ്യതാ പഠനം നടത്താന്‍ നിയോഗിച്ചത്.

ഈ വര്‍ഷം അവസാനം നടക്കുന്ന ഫിഫ ഭരണസമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.