ടീമില്‍ നിന്ന് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റൊണാള്‍ഡോ മാനേജ്‌മെന്റിനെ സമീപിച്ചതോടെയാണ് പിഎസ്ജിയും ചെല്‍സിയുമടക്കമുള്ള ക്ലബ്ബുകള്‍ പോര്‍ച്ചുഗീസ് നായകനെ സ്വന്തമാക്കാന്‍ ആലോചന തുടങ്ങിയത്.

പാരീസ്: സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും (Cristiano Ronaldo) ലിയോണല്‍ മെസിയും (Lionel Messi) ഒന്നിച്ച് കളിക്കുമെന്ന ആരാധകരുടെ പ്രതീക്ഷയ്ക്ക് അവസാനമാകുന്നു. റൊണാള്‍ഡോയെ സ്വന്തമാക്കാനുള്ള തീരുമാനം പിഎസ്ജി (PSG) ഉപേക്ഷിച്ചു. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരിച്ചെത്തിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കഴിഞ്ഞ സീസണ്‍ സമ്മാനിച്ചത് നിരാശ. യുണൈറ്റഡിന് ഒരു കിരീടം പോലും സമ്മാനിക്കാനായില്ലെന്ന് മാത്രമല്ല, ചാംപ്യന്‍സ് ലീഗ് യോഗ്യത പോലും ടീമിന് നഷ്ടമായി.

പുതിയ സീസണില്‍ ടീം ഉടച്ചുവാര്‍ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ട്രാന്‍സ്ഫര്‍ വിപണിയിലും യുണൈറ്റഡിന്റെ പ്രകടനം മോശം. ടീമില്‍ നിന്ന് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റൊണാള്‍ഡോ മാനേജ്‌മെന്റിനെ സമീപിച്ചതോടെയാണ് പിഎസ്ജിയും ചെല്‍സിയുമടക്കമുള്ള ക്ലബ്ബുകള്‍ പോര്‍ച്ചുഗീസ് നായകനെ സ്വന്തമാക്കാന്‍ ആലോചന തുടങ്ങിയത്. ക്രിസ്റ്റ്യാനോയുടെ ഏജന്റ് ഹോര്‍ഗെ മെന്റസ് പിഎസ്ജിയുമായി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടെങ്കിലും നീക്കം നടക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.

പിഎസ്ജി പരിശീലകന്‍ ക്രിസ്റ്റഫ് ഗാള്‍ട്ടിയറിന് എംബപ്പെ,നെയ്മര്‍,മെസ്സി ത്രയത്തോട് തന്നെയാണ് താല്‍പര്യം. ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടി വന്‍തുക മുടക്കിയാല്‍ സാന്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണമായാക്കുമെന്നതും തീരുമാനം മാറ്റാനിടയാക്കി.സീസണില്‍ ടീം വിടുമെന്ന് അഭ്യൂഹമുണ്ടായിരുന്ന നെയ്മര്‍ പിഎസ്ജിയില്‍ തുടരും. റൊണാള്‍ഡോ ടീമിലെത്തുന്നതില്‍, ലിയോണല്‍ മെസ്സിയും വിയോജിപ്പ് അറിയിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

റൊണാള്‍ഡോയെ വില്‍ക്കില്ലെന്ന് കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗും വ്യക്തമാക്കി. യുണൈറ്റഡിന്റെ പരിശീലന ക്യാംപില്‍ നിന്ന് വിട്ടുനിന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രീസീസണ്‍ മത്സരങ്ങളിലും കളിക്കുന്നില്ല. അടുത്ത മാസം ഏഴാം തീയതിയാണ് പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിന്റെ ആദ്യ മത്സരം.