പാരിസ്: പിഎസ്ജിയുടെ ബ്രസീലിയൻ താരം നെയ്മർക്ക് കൊവിഡ് എന്ന് റിപ്പോര്‍ട്ട്. ഏഞ്ചൽ ഡി മരിയ, ലിയനാർഡോ പരേഡസ് എന്നിവർക്കൊപ്പമാണ് നെയ്മർ കൊവിഡ് ബാധിതനായിരിക്കുന്നത്. ടീമിലെ മൂന്ന് താരങ്ങൾ കൊവിഡ് ബാധിതർ ആയെന്ന് പിഎസ്‌ജി ഔദ്യോഗികമായി വെളിപ്പെടുത്തിയെങ്കിലും താരങ്ങളുടെ പേരുകൾ പറഞ്ഞിട്ടില്ല. എന്നാല്‍ ഫ്രാൻസ് ഫുട്ബോൾ അടക്കമുള്ള ഫ്രഞ്ച് മാധ്യമങ്ങളാണ് കൊവിഡ് ബാധിതരായ താരങ്ങളുടെ പേര് പുറത്തുവിട്ടത്. 

നെയ്‌മര്‍ക്ക് കൊവിഡ് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്ന് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പിഎസ്‌ജി നേരത്തെ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇവര്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് നിരീക്ഷണത്തിലാണെന്നും താരങ്ങള്‍ക്കും പരിശീലകര്‍ക്കുമുള്ള പരിശോധന വരും ദിവസങ്ങളില്‍ തുടരും എന്നും പിഎസ്‌ജി വ്യക്തമാക്കി. 

ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം മൂന്ന് താരങ്ങളും ഉല്ലാസ യാത്രയിലായിരുന്നു. തിരികെ പാരീസിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് നെയ്മറടക്കമുള്ളവർ പോസിറ്റീവായത്. ഇതോടെ ഈമാസം പത്തിന് ലെൻസിനെതിരായ ആദ്യ ലീഗ് മത്സരത്തിൽ നെയ്മറും ഡി മരിയയും കളിച്ചേക്കില്ല.

മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി; മലിംഗ കളിക്കില്ല, പകരക്കാരനെ പ്രഖ്യാപിച്ചു

ആരാധകര്‍ കാത്തിരുന്ന മിന്നും സൈനിംഗ്: അർജന്റീനിയൻ പ്ലേമേക്കർ ഫകുണ്ടോ പെരേയ്റാ ബ്ലാസ്റ്റേഴ്സിൽ