മോശം റഫറിയിംഗ്, വിവാദ ഗോളിന്റെ അകമ്പടിയില്‍ ഖത്തറിന് ജയം! ഇന്ത്യയുടെ ഫിഫ ലോകകപ്പ് മോഹങ്ങള്‍ അവസാനിച്ചു

ആദ്യപാതിയില്‍ മത്സരം ഇന്ത്യയുടെ കാലുകളിലായിരുന്നു. ഖത്തറിനെ ഞെട്ടിച്ച് ഇന്ത്യ ഗോള്‍ നേടുകയും ചെയ്തു.

qatar vs india fifa world cup qualifier match full reports

റിയാദ്: ഫിഫ ലോകകപ്പ് മൂന്നാം റൗണ്ട് കാണാതെ ഇന്ത്യ പുറത്ത്. ഖത്തറിനെതിരായ മത്സരത്തില്‍ 2-1ന് തോറ്റതോടെയാണ് ലോകകപ്പ് കളിക്കുകയെന്ന ഇന്ത്യയുടെ മോഹങ്ങള്‍ അവസാനിച്ചത്. ഖത്തറിനെ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാല്‍ വിവാദ ഗോളിന്റെ അകമ്പടിയോടെ ഖത്തര്‍ ജയിച്ചുകയറി. 37-ാം മിനിറ്റില്‍ ലാലിയന്‍സ്വാല ചങ്‌തെയുടെ ഗോളിലാണ് ഇന്ത്യ മുന്നിലെത്തുന്നത്. എന്നാല്‍ 73-ാം മിനിറ്റില്‍ യൂസഫ് എയ്മന്‍, 85-ാം മിനിറ്റില്‍ അഹമ്മദ് അല്‍ റാവി എന്നിവര്‍ നേടിയ ഗോളിന് ഖത്തര്‍ വിജയിച്ചു.

ആദ്യപാതിയില്‍ മത്സരം ഇന്ത്യയുടെ കാലുകളിലായിരുന്നു. ഖത്തറിനെ ഞെട്ടിച്ച് ഇന്ത്യ ഗോള്‍ നേടുകയും ചെയ്തു. എന്നാല്‍ ലീഡ് നേടാനുള്ള നിരവധി അവസരങ്ങള്‍ ആദ്യ പകുതിയില്‍ തന്നെ ഇന്ത്യക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഫിനിഷിംഗിലെ പോരായ്മ ഇന്ത്യയെ അകറ്റിനിര്‍ത്തി. ഗോളിന് ശേഷവും ഇന്ത്യ തന്നെ മികച്ചു നിന്നു. എന്നാല്‍ രണ്ടാം പാതിയെത്തിയപ്പോള്‍ കാര്യങ്ങള്‍ മാറി. അമിതമായി പ്രതിരോധത്തിലേക്ക് നീങ്ങുകയാണ് ഇന്ത്യ ചെയ്തത്.

ഇതോടെ ഖത്തര്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. അവരുടെ സമനില ഗോളുമെത്തി. ഔട്ട് ലൈന്‍ കഴിഞ്ഞ് പുറത്ത് പോയ പന്ത് വീണ്ടും കോര്‍ട്ടിലേക്ക് എടുത്താണ് ഖത്തര്‍ ഗോള്‍ നേടിയത്. എയ്‌മെന്‍ നേടിയ ഗോള്‍ അനുവദിക്കാന്‍ ആകില്ലെന്ന് ഇന്ത്യ തര്‍ക്കിച്ചു. എങ്കിലും ഫലമുണ്ടായില്ല. മത്സരത്തിന് വാര്‍ സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നില്ല. ഇതോടെ സ്‌കോര്‍ 1-1. വിവാദ ഗോളിന്റെ വീഡിയോ കാണാം...

ഗോള്‍ വഴങ്ങിയതോടെ ഇന്ത്യ മാനസികമായി തളര്‍ന്നു. അധികം വൈകാതെ അല്‍ റാവി എടുത്ത ഷോട്ടില്‍ ഖത്തര്‍ ലീഡ് എടുത്തു. ഇന്ത്യ 2-1ന് പിറകില്‍. ഇതോടെ ഇന്ത്യയുടെ പ്രതീക്ഷകളും അസ്തമിച്ചു. പരാജയത്തോടെ 6 മത്സരങ്ങളില്‍ നിന്ന് 5 പോയിന്റുമായി മൂന്നാമതാണ് ഇന്ത്യ. കുവൈറ്റ് അഫ്ഗാനെ തോല്‍പ്പിച്ച് രണ്ടാം സ്ഥാനത്തേക്ക് കയറി. ഗ്രൂപ്പിലെ ആദ്യ രണ്ട് ടീമുകള്‍ക്കാണ് യോഗ്യത റൗണ്ടിന്റെ മൂന്നാം ഘട്ടത്തിലേക്ക് യോഗ്യത.

Latest Videos
Follow Us:
Download App:
  • android
  • ios