Asianet News MalayalamAsianet News Malayalam

റഹീം സ്റ്റെര്‍ലിങിന്റെ വീട് ആക്രമിക്കപ്പെട്ടു; താരം നാട്ടിലേക്ക് മടങ്ങി, തിരിച്ചുവരവില്‍ വ്യക്തതയില്ല

വേണ്ടുവോളം സമയമെടുക്കാന്‍ ഇംഗ്ലണ്ട് കോച്ച് ഗരേത് സൗത്ത്‌ഗേറ്റും പറഞ്ഞിട്ടുണ്ട്. സ്റ്റെര്‍ലിങ്ങിന്റെ കൂടെയാണ് മനസെന്ന് ക്യാപ്റ്റന്‍ ഹാരി കെയ്‌നും വ്യക്താക്കി. സ്റ്റെര്‍ലിങിന്റെ അഭാവം ടീമിനെ ഒരുപാട് ബാധിക്കാനിടയില്ല.

Raheem Sterling back to home from qatar world cup
Author
First Published Dec 5, 2022, 10:31 AM IST

ദോഹ: ഖത്തര്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ സെനഗലിനെ നേരിട്ടപ്പോള്‍ ഇംഗ്ലണ്ട് ടീമില്‍ റഹീം സ്റ്റെര്‍ലിങ് ഉണ്ടായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും സ്റ്റെര്‍ലിങ് ഉണ്ടായിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തില്‍ താരത്തിന് വിശ്രമം അനുവദിച്ചു. പകരം റാഷ്‌ഫോര്‍ഡിന് അവസരം നല്‍കി. ഇന്നലെ പ്രീ ക്വാര്‍ട്ടറില്‍ സെനഗലിനെതിരെ കളിച്ചപ്പോഴും സ്റ്റെര്‍ലിങ് ടീമിലില്ലായിരുന്നു. ഇക്കാര്യം നേരത്തെ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം അറിയിക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ എന്തുകൊണ്ട് ടീമിലില്ലെന്നുള്ള കാര്യം വ്യക്തമാക്കിയിരുന്നില്ല. കുടുംബവുമായി ബന്ധപ്പെട്ട ചില കാരണങ്ങള്‍ എന്ന് മാത്രമാണ് വ്യക്തമാക്കിയത്. എന്നാലിപ്പോള്‍ വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സ്റ്റെര്‍ലിങ്ങിന്റെ വീട് ആക്രമിക്കപ്പെട്ടുവെന്നാണ്. ഇക്കാരണം കൊണ്ടാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. ഈ സമയം കുടുംബത്തോടൊപ്പം വേണമെന്ന ചിന്തയിലാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. ഇനി ഖത്തറിലേക്ക് തിരിച്ചെത്തുമോ എന്നുള്ള കാര്യവും ഉറപ്പായിട്ടില്ല.

വേണ്ടുവോളം സമയമെടുക്കാന്‍ ഇംഗ്ലണ്ട് കോച്ച് ഗരേത് സൗത്ത്‌ഗേറ്റും പറഞ്ഞിട്ടുണ്ട്. സ്റ്റെര്‍ലിങ്ങിന്റെ കൂടെയാണ് മനസെന്ന് ക്യാപ്റ്റന്‍ ഹാരി കെയ്‌നും വ്യക്താക്കി. സ്റ്റെര്‍ലിങിന്റെ അഭാവം ടീമിനെ ഒരുപാട് ബാധിക്കാനിടയില്ല. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തില്‍ അദ്ദേഹത്തിന്റെ പകരക്കാരനായി ഇറങ്ങിയ റാഷ്‌ഫോര്‍ഡ് രണ്ട് ഗോളും നേടിയിരുന്നു. ഇന്നലെ സെനഗലിനെതിരെ റാഷ്‌ഫോര്‍ഡും കളിച്ചിരുന്നില്ല. പകരം ബുകായോ സാകയാണ് കളത്തിലെത്തിയത്. സാക ഒരു ഗോള്‍ നേടുകയും ചെയ്തു.

എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഹാരി കെയ്ന്‍, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍ എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ഫില്‍ ഫോഡന്‍ രണ്ട് ഗോളിന് വഴിയൊരുക്കി. ക്വാര്‍ട്ടറില്‍ ഫ്രാന്‍സാണ് ഇംഗ്ലണ്ടിന് എതിരാളികള്‍. പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ കടന്നത്. എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിന് ജയമൊരുക്കിയത്. ഒലിവര്‍ ജിറൂദിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. പെനാല്‍റ്റിയിലൂടെ റോബര്‍ട്ട് ലെവന്‍ഡോസ്‌കി പോളണ്ടിന്റെ ആശ്വാസ ഗോള്‍.

പോളണ്ടിനെതിരെ ഇരട്ട ഗോള്‍, റെക്കോര്‍ഡ്; പെലെയേയും മറികടന്ന് എംബാപ്പെയുടെ തേരോട്ടം

Follow Us:
Download App:
  • android
  • ios