രാജ്യം ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആവേശത്തിലേക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്‍റെ ഫുട്ബോളിനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞിരിക്കുകയാണ്

ഇംഫാല്‍: ഫുട്ബോള്‍ ലോകത്തെ രണ്ട് കരുത്തന്മാരാണ് സ്പാനിഷ് ക്ലബ്ബുകളായ റയല്‍ മാഡ്രിഡും ബാഴ്സലോണയും. സൂപ്പര്‍ താരങ്ങളായ ലിയോണല്‍ മെസി ബാഴ്സയ്ക്ക് വേണ്ടിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിന് വേണ്ടിയും കളത്തിലിറങ്ങിയ കാലത്ത് ഫുട്ബോള്‍ ലോകത്തിന്‍റെ ചര്‍ച്ചകള്‍ കൂടുതലും ഇരുടീമുകളെയും ചുറ്റിപ്പറ്റിയാണ് നടന്നിരുന്നത്.

ലോകകപ്പിന് ശേഷം ക്രിസ്റ്റ്യാനോ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്‍റസിലേക്ക് ചേക്കേറിയത് വലിയ അമ്പരപ്പാണ് ഫുട്ബോള്‍ ആരാധരുടെ മനസിലുണ്ടാക്കിയത്. രണ്ട് ലീഗുകളിലായിട്ടും ഇപ്പോഴും ഇരുവരും തമ്മിലുള്ള മത്സരം ഒരിഞ്ച് പോലും കുറയാതെ മുന്നോട്ട് പോവുകയാണ്. 

ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ക്കിടയിലും മെസിയെയും റൊണാള്‍ഡോയെയും നെഞ്ചേറ്റിയിരിക്കുന്നവര്‍ നിരവധിയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ഇരുവരുടെയും ആരാധകര്‍ തമ്മിലുള്ള തര്‍ക്കങ്ങളും സജീവമാണ്. രാജ്യം ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആവേശത്തിലേക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്‍റെ ഫുട്ബോളിനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞിരിക്കുകയാണ്.

മണിപ്പൂരിലെ ഇംഫാലില്‍ നടന്ന ജനാധിപത്യത്തിന് വേണ്ടിയുള്ള സംവാദം എന്ന പരിപാടിക്കിടെ രാഹുല്‍ ഗാന്ധിക്ക് മുന്നിലേക്ക് തുടരെ തുടരെ ചോദ്യങ്ങളെത്തി. റയല്‍ മാഡ്രിഡ് ആരാധകനാണോ അതോ ബാഴ്സ ആരാധകനാണോ എന്നതായിരുന്നു അതിലൊരു ചോദ്യം.

ഒട്ടം അമാന്തിക്കാതെ താന്‍ ഒരു യുവന്‍റസ് ആരാധകനാണെന്ന് രാഹുല്‍ മറുപടി പറഞ്ഞു. അതിന് ശേഷം റയലോ ബാഴ്സയോ എന്നതിന് തന്‍റെ ഉത്തരം റയലാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി. അല്‍പം കൂടെ കൃത്യമായി റൊണാള്‍ഡോ അവിടെയുണ്ടായിരുന്ന സമയം വരെ ഒരു റയല്‍ ആരാധകനായിരുന്നു താനെന്ന് രാഹുല്‍ തുറന്ന് പറഞ്ഞു. റൊണാള്‍ഡോ ആരാധകനാണ് താനെന്ന് രാഹുല്‍ പറയുന്ന വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ വേഗം പ്രചരിക്കുകയാണ്.