ഒലേ സോൾഷെയർ പുറത്താക്കപ്പെട്ടപ്പോഴാണ് റാങ്നിക്ക് താൽക്കാലിക പരിശീലകനായി നിയമിതനായത്

മാഞ്ചസ്റ്റര്‍: പുതിയ പരിശീലകനെ നിയമിക്കാനുള്ള നീക്കത്തിൽ നിന്ന് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് (Man United) പിൻമാറുന്നു. നിലവിലെ കോച്ച് റാൾഫ് റാങ്നിക്കിന് (Ralf Rangnick) കരാർ നീട്ടിനൽകാനാണ് യുണൈറ്റഡ് മാനേജ്മെന്‍റിന്‍റെ ആലോചന എന്നാണ് റിപ്പോര്‍ട്ട്. 

മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പുതിയ പരിശീലകൻ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ഫുട്ബോൾ ലോകം. പിഎസ്‌ജി കോച്ച് മൌറീസിയോ പൊച്ചെറ്റീനോ, സ്‌പാനിഷ് ദേശീയ ടീം കോച്ച് ലൂയീസ് എന്‍‌റിക്വ, അയാക്‌സ് കോച്ച് എറിക് ടെന്‍ ഹാഗ്, സെവിയ്യ കോച്ച് യൂലന്‍ ലൊപറ്റോഗി എന്നിവരിലൊരാൾ അടുത്ത സീസണിൽ യുണൈറ്റഡ് പരിശീലകനായേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ തിടുക്കത്തിൽ പുതിയൊരു കോച്ചിനെ നിയമിക്കേണ്ടെന്നും താൽക്കാലിക പരിശീലകൻ റാൾഫ് റാങ്നിക്കിന് കീഴിൽ ടീം പ്രകടനം നടത്തുന്നുണ്ടെന്നുമാണ് യുണൈറ്റഡ് മാനേജ്മെന്‍റിന്‍റെ വിലയിരുത്തൽ. 

ഒലേ സോൾഷെയർ പുറത്താക്കപ്പെട്ടപ്പോഴാണ് റാങ്നിക്ക് താൽക്കാലിക പരിശീലകനായി നിയമിതനായത്. സീസൺ അവസാനിക്കുമ്പോൾ രണ്ട് വർഷത്തേക്ക് ഉപദേഷ്ടാവായി നിയമിക്കാമെന്ന വ്യവസ്ഥുളളതിനാൽ റാങ്നിക്കിനെ പരിശീലകനായി നിലനിർത്താനാണ് യുണൈറ്റഡിന്‍റെ നീക്കം. റാങ്‌നിക്കിന് കീഴില്‍ യുണൈറ്റഡ് പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. ടീം കൂടുതൽ കെട്ടുറപ്പോടെ കളിക്കുന്നുണ്ടെന്നും ആരാധകർ ടീമിന്‍റെ പ്രകടനത്തിൽ തൃപ്തരാണെന്നും യുണൈറ്റഡ് മാനേജ്മെന്‍റ് വിലയിരുത്തുന്നു. 

ഈ പശ്ചാത്തലത്തിലാണ് പുതിയ കോച്ചിനെ തിടുക്കത്തിൽ നിയമിക്കേണ്ടെന്ന തീരുമാനത്തിലേക്ക് യുണൈറ്റഡ് എത്തിയിരിക്കുന്നത്. ഇതിഹാസ കോച്ച് അലക്സ് ഫെർഗ്യൂസൻ 2013ൽ പടിയിറങ്ങിയതിന് ശേഷം യുണൈറ്റഡിന്‍റെ ഏഴാമത്തെ പരിശീലകനാണ് ജർമൻകാരനായ റാൾഫ് റാങ്നിക്ക്.

ISL 2021-22 : ഒരുവശത്ത് കൊവിഡ്, ടീമില്‍ ആശങ്കകള്‍; പടപൊരുതാന്‍ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിനെതിരെ